ഓണം 2026: തലസ്ഥാനത്തെ അവിസ്മരണീയ ഘോഷയാത്രയുടെ ആവേശ കാഴ്ചകൾ പങ്കുവെച്ച് സാംസ്കാരിക പ്രവർത്തകൻ ശ്രീകാന്ത് നായർ

by admin

തിരുവനന്തപുരം: പ്രവാസ മണ്ണിലെ തിരക്കുകളിൽ നിന്ന് ഓണത്തിന്റെ മധുര സ്മരണകളുമായി ജന്മനാട്ടിലെത്തിയ താനെയിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകൻ ശ്രീകാന്ത് നായർക്ക് വേറിട്ടൊരു അനുഭവമായി തിരുവനന്തപുരത്തെ ഓണം സമാപന ഘോഷയാത്ര. കവടിയാറിൽ തുടങ്ങി പുത്തരിക്കണ്ടം മൈതാനത്തിനരികിലൂടെ മന്ദം മന്ദം കടന്നുപോയ ഘോഷയാത്ര ജനസാഗരത്തെ ആവേശത്തിലാഴ്ത്തിയതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

വിവിധ സർക്കാർ വകുപ്പുകളുടെ 69 മനോഹര ഫ്ലോട്ടുകളും വൈവിധ്യമാർന്ന 99 കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര തലസ്ഥാന നഗരിയുടെ ഹൃദയം കീഴടക്കിയെന്ന് ഈ സാംസ്കാരിക പ്രവർത്തകൻ അഭിപ്രായപ്പെടുന്നു. പൂക്കാവടി, ബാൻഡ് മേളം, വിവിധ തെയ്യം രൂപങ്ങൾ (പുതിയ ഭഗവതി, ശാസ്തപ്പൻ, നാഗകാളി, രക്തേശ്വരി, രുധിരകോലം, ഡ്രാഗൺ തെയ്യം), ഓണപ്പൊട്ടൻ, മയൂരനൃത്തം, ശിങ്കാരിമേളം, കാളയും തേരും, തിറയാട്ടം, കളരിപ്പയറ്റ് തുടങ്ങിയ പരമ്പരാഗത-ഗോത്ര കലാരൂപങ്ങൾ കാണികളുടെ മനം കവർന്നതായി ശ്രീകാന്ത് നായർ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ വിളക്കാട്ടം, മുറം ഡാൻസ്, അർദ്ധനാരീ നൃത്തം, ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പ്രകടനങ്ങൾ എന്നിവയ്‌ക്കൊപ്പം ശാസ്ത്രീയ നൃത്തരൂപങ്ങളും മറ്റ് പ്രാദേശിക കലകളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് ആവേശം പകരാൻ ഷാജി പാപ്പൻ, ദാസമൂല ദാമു തുടങ്ങിയ സിനിമാ കഥാപാത്രങ്ങളും മായാവി, കുട്ടൂസൻ, ഡാകിനി തുടങ്ങിയ കാർട്ടൂൺ വേഷങ്ങളും അണിനിരന്നത് കാഴ്ചക്കാർക്ക് കൗതുകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ തനിമയ്ക്കൊപ്പം തമിഴ്‌നാട്, ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളുടെ പ്രകടനങ്ങൾ ഘോഷയാത്രയെ ഭാരതീയ സംസ്കാരത്തിന്റെ സംഗമഭൂമിയാക്കി മാറ്റിയതായി അദ്ദേഹം നിരീക്ഷിക്കുന്നു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഓണാഘോഷം സംഘടിപ്പിച്ച കേരള സർക്കാരിന്റെ വിനോദസഞ്ചാര വകുപ്പിനും തിരുവനന്തപുരം നഗരസഭയ്ക്കും ശ്രീകാന്ത് നായർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.


You may also like