മായാനഗരിയിൽ ഫുട്ബോൾ പൂരം; ഉറക്കമില്ലാത്ത ഫൈനൽ രാവിനെ വരവേൽക്കാൻ മുംബൈ മലയാളികൾ

Honey V.G.

by admin

മുംബൈ: ഗോളടിക്കാൻ പാകിയ ബൂട്ടുമായി ലോകത്തെ ഏറ്റവും മികച്ച രണ്ട് ശക്തികൾ ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്താൻ അങ്കത്തട്ടിലിറങ്ങുമ്പോൾ, മായാനഗരിയിലെ മലയാളി മനസ്സ് പൂർണ്ണമായും കളിമുറ്റത്താണ്. ജോലിത്തിരക്കുകളും നഗരത്തിന്റെ നെട്ടോട്ടങ്ങളും മാറ്റിവെച്ച്, സിരകളിൽ ഫുട്ബോൾ തീ പടർത്തി ഉറക്കമില്ലാത്ത ലോകകപ്പ് രാവുകളെ വരവേൽക്കാൻ മുംബൈ മലയാളികൾ ഒരൊറ്റ മനസ്സോടെ തയാറെടുത്തു കഴിഞ്ഞു. നാട്ടിൻപുറങ്ങളിലെ ക്ലബ്ബ് ചർച്ചകളെയും വായനശാലകളിലെ തർക്കങ്ങളെയും അനുസ്മരിപ്പിക്കുന്ന വിധം മുംബൈയുടെ തെരുവുകളിലും ലോക്കൽ ട്രെയിനുകളിലും ഇപ്പോൾ ഒരേയൊരു ചർച്ച മാത്രം– ‘ഇത്തവണ ആര് കപ്പടിക്കും?’

ബിഗ് സ്ക്രീനിൽ ഫൈനൽ പൂരം ഒരുക്കി എൻ.ബി.കെ.എസ് (NBKS)

മുംബൈയിലെ മലയാളി ഫുട്ബോൾ പ്രേമികൾക്കായി ഇത്തവണത്തെ ഫൈനൽ പോരാട്ടം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് നെരൂളിലെ പ്രശസ്തമായ ന്യൂ ബോംബെ കേരളീയ സമാജം (NBKS). രാത്രി 11.30 മുതൽ സമാജത്തിന്റെ നേതൃത്വത്തിൽ വമ്പൻ ബിഗ് സ്ക്രീനിലാണ് ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രക്ഷേപണം ചെയ്യുന്നത്. സ്റ്റേഡിയം പ്രതിധ്വനികളെ പോലും തോൽപ്പിക്കുന്ന ആവേശവുമായി അനവധി മലയാളികളാണ് ഫൈനൽ മത്സരം ഒന്നിച്ച് കാണാൻ ഇവിടെയെത്തുക.

സമാജം ഭാരവാഹികളായ കെ.എ. കുറുപ്പ്, പ്രകാശ് കാട്ടാക്കട, കെ.ടി. നായർ, എം.പി.ആർ. പണിക്കർ എന്നിവരാണ് കളിപ്രേമികൾക്കായി നെരൂളിൽ ഈ വമ്പൻ ഫുട്ബോൾ പൂരം ഒരുക്കുന്നതിന് മുന്നിൽ നിൽക്കുന്നത്. മുംബൈയിലെ പ്രവാസി കൂട്ടായ്മകളിൽ കായിക ആവേശത്തിന് എന്നും മുൻഗണന നൽകുന്ന എൻ.ബി.കെ.എസ്, ഇത്തവണയും പതിവ് തെറ്റിക്കാതെ ഫുട്ബോൾ ആരാധകർക്കായി മികച്ച സൌകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

കട്ടനും കപ്പലണ്ടിയുമായി തനി നാടൻ ഫുട്ബോൾ അനുഭവം

നാട്ടിലെ കളിമുറ്റങ്ങളിലെ ആവേശം അതേപടി മുംബൈയിൽ പുനഃസൃഷ്ടിക്കുകയാണ് സമാജത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കുന്നു.കളി കാണാൻ എത്തുന്നവർക്കായി തനി നാടൻ രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സമാജം ഭാരവാഹി കെ.എ. കുറുപ്പ് പറഞ്ഞു.

ഫൈനൽ മത്സരം കാണാൻ എത്തുന്നവർക്കായി ചൂടു കട്ടൻ ചായയും കപ്പലണ്ടിയും സമാജത്തിന്റെ വകയായി ഒരുക്കിയിട്ടുണ്ട്. കട്ടൻ ചായയും കപ്പലണ്ടിയും കഴിച്ചുകൊണ്ട് കളി കാണുന്നത് നമ്മുടെ നാട്ടിലെ ഫുട്ബോൾ സംസ്കാരത്തിന്റെ ഭാഗമാണ്. ആ ഒരു നാടൻ ഫുട്ബോൾ അനുഭവം പ്രവാസലോകത്തും കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്,” – കെ.എ. കുറുപ്പ് കൂട്ടിച്ചേർത്തു.

യുവതലമുറയ്ക്കും കായികപ്രേമികൾക്കും വലിയൊരു അനുഭവം സമ്മാനിക്കുകയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് സമാജം ഭാരവാഹി പ്രകാശ് കാട്ടാക്കടയും വ്യക്തമാക്കി.

​”ഫുട്ബോൾ മാമാങ്കമെന്നത് പ്രായഭേദമന്യേ ഏവർക്കും ഒരുപോലെ ആവേശം പകരുന്ന ഒന്നാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ഇത് ആസ്വദിക്കാൻ സാധിക്കും. പ്രത്യേകിച്ചും സമാജത്തിലെ യുവതലമുറയിലെ കുട്ടികൾക്ക് ഈ ആവേശം നേരിട്ട് അനുഭവിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഗ് സ്‌ക്രീൻ പ്രക്ഷേപണം ഒരുക്കിയിരിക്കുന്നത്,” – പ്രകാശ് കാട്ടാക്കട പറഞ്ഞു.

തിയേറ്ററുകളിലും ആവേശം; മായാനഗരി ഫുട്ബോൾ സ്റ്റേഡിയമാകും

സമാജം ഹാളുകൾക്ക് പുറമെ മുംബൈയിലെയും നവി മുംബൈയിലെയും പ്രമുഖ തിയേറ്ററുകളിലും ഇത്തവണ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ക്രീനിംഗ് ഒരുക്കിയിട്ടുണ്ട്. മെട്രോ നഗരത്തിലെ സിനിമാ തിയേറ്ററുകൾ പോലും ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അന്തരീക്ഷത്തിലേക്ക് മാറുന്ന കാഴ്ച്ചയ്ക്കാണ് മുംബൈ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

നാട്ടിലെ സെവൻസ് ഗാലറികളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സിയണിഞ്ഞ് തങ്ങളുടെ പ്രിയതാരങ്ങൾക്കായി ആർത്തുവിളിക്കാൻ കളിപ്രേമികൾ കാത്തിരിക്കുകയാണ്. അർദ്ധരാത്രി പിന്നിട്ടും ഉറങ്ങാത്ത മുംബൈ നഗരത്തിന്റെ രാവുകൾക്ക് ഈ ലോകകപ്പ് ഫൈനൽ വരും ദിവസങ്ങളിലും കൂടുതൽ ആവേശം പകരും. ആകാംഷയുടെ മുനമ്പിൽ നിൽക്കുന്ന മുംബൈ മലയാളി ലക്ഷക്കണക്കിന് കായിക പ്രേമികൾക്കൊപ്പം ആ ചരിത്ര നിമിഷത്തിനായി കാതോർക്കുകയാണ്.

You may also like