മഹാരാഷ്ട്രയിലെ മതപരിവർത്തന നിരോധന നിയമത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ മതപരിവർത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി. 70 വയസ്സുകാരനായ ഇസ്ലാമിക പണ്ഡിതൻ മൗലാന ഹലീമുള്ള ഫാറൂഖി അഹമ്മദ് ഖാൻ അഡ്വക്കേറ്റ് മതീൻ ഷെയ്ഖ് മുഖേനയാണ് ഹർജി നൽകിയത്.

പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹങ്ങളിലും വ്യക്തിപരമായ മതതിരഞ്ഞെടുപ്പുകളിലും സർക്കാർ ഇടപെടുന്നത് ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. സ്ത്രീകളുടെ മതപരിവർത്തനത്തിന് കൂടുതൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പ് ലിംഗവിവേചനപരമാണ്.

മതം മാറുന്നതിന് 60 ദിവസം മുമ്പ് അധികൃതർക്ക് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും, തെളിവുനൽകാനുള്ള ബാധ്യത ആരോപണവിധേയനിൽ ചുമത്തുന്നത് നീതിയുക്തമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. നിയമത്തിലെ അവ്യക്തമായ നിർവചനങ്ങൾ കാരണം ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരൻ വാദിക്കുന്നു.

You may also like