മുംബൈ: “എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല… ഞാൻ ട്രെയിനിൽ പൂർണ്ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്…”– ആസാമിലെ ഉൾഗ്രാമങ്ങളിലൂടെ പായുന്ന വിവേക് എക്സ്പ്രസിന്റെ എ.ഐ/17 (AI/17) ബർത്തിൽ നിന്നും വിറയാർന്ന ശബ്ദത്തിൽ ആ ഫോൺ കോൾ എത്തുമ്പോൾ സമയം അർദ്ധരാത്രിയോടടുത്തിരുന്നു. ചെങ്ങന്നൂരിൽ നിന്നും നാഗാലാൻഡിലെ ഡിമാപ്പൂരിലേക്ക് ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ജി.ആർ.ഇ.എഫ് (GREF) ഉദ്യോഗസ്ഥനായ ബിനു ജോർജ്ജ് (48) എന്ന പ്രവാസിയുടേതായിരുന്നു ആ വിളി. കടുത്ത പ്രമേഹത്തെ തുടർന്ന് ട്രെയിൻ യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു!
പത്തു മണിക്കൂറിലധികം വൈകി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ, ഫോൺ പോലും കൃത്യമായി ഉപയോഗിക്കാൻ കഴിയാത്തവിധം നിസ്സഹായനായ ഒരു മനുഷ്യൻ. എന്നാൽ ആ സന്ദേശം മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കൊങ്കൺ യാത്ര വേദി ഹെൽപ് ഡെസ്ക്’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലേക്ക് എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഗ്രൂപ്പംഗമായ ബിനു ചെറിയാന്റെ അടിയന്തര അഭ്യർത്ഥന പ്രകാരം സാരഥികൾ ഉണർന്നു പ്രവർത്തിച്ചു. നിമിഷങ്ങൾക്കകം ‘റെയിൽ മദാദ്’ (Rail Madad) പോർട്ടൽ വഴി മെഡിക്കൽ സഹായം രജിസ്റ്റർ ചെയ്തു. നാഗാലാൻഡിലെ ഡിമാപ്പൂർ കേരള സമാജം ഭാരവാഹികളുമായി ബന്ധപ്പെട്ടു. ട്രെയിൻ ഡിമാപ്പൂർ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമാജം പ്രവർത്തകരും ആംബുലൻസും അവിടെ തയാറായിരുന്നു. ബിനു ജോർജ്ജിനെ സുരക്ഷിതമായി ഇറക്കി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞത് ഈ ഡിജിറ്റൽ കൂട്ടായ്മയുടെ അസാധാരണമായ ഏകോപന മികവൊന്നു കൊണ്ടു മാത്രമാണ്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തിരുവനന്തപുരത്തു നിന്നും കോർബയിലേക്ക് പോയ സൂപ്പർഫാസ്റ്റ് ട്രെയിനിൽ ഓക്സിജൻ സപ്പോർട്ടിൽ യാത്ര ചെയ്യുകയായിരുന്ന നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിരമായി പൾസ് ഓക്സിമീറ്റർ (Pulse Oximeter) ആവശ്യമായി വന്നപ്പോൾ രക്ഷകരായതും ഇതേ കൊങ്കൺ യാത്രാവേദിയാണ്. ട്രെയിനിലുണ്ടായിരുന്ന ഗ്രൂപ്പംഗം സാബു തോമസ് വിവരമറിയിച്ചതിനെ തുടർന്ന്, ചെന്നൈയിലെ മുതിർന്ന സാമൂഹിക പ്രവർത്തകൻ എൽ. സജി കുമാറും എ.എം. ബിജുവും ചേർന്ന് പുതിയ പൾസ് ഓക്സിമീറ്ററുമായി രാത്രി 11.05-ന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന് അത് കുഞ്ഞിന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു.

പ്രവാസി യാത്രാദുരിതങ്ങൾക്ക് അത്താണിയാകുന്ന ശൃംഖല
സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വെറും വിനോദത്തിനും സൗഹൃദം പങ്കുവെക്കലിനും മാത്രമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യയെ എങ്ങനെ ജനനന്മയ്ക്കായി ഫലപ്രദമായി വിനിയോഗിക്കാം എന്ന് തെളിയിക്കുകയാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ വാട്സ്ആപ്പ് കൂട്ടായ്മ. കൊങ്കൺ റെയിൽവേ പാതയിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാരായ ജനങ്ങൾക്ക് തണലേകാൻ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കി രൂപീകരിച്ച ഈ ശൃംഖല, പ്രവാസി കൂട്ടായ്മകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ ഒരു പ്രവർത്തന ശൈലിയാണ് കാഴ്ചവെക്കുന്നത്.

ഏകദേശം ആയിരത്തോളം അംഗങ്ങളുള്ള ഈ വലിയ ഡിജിറ്റൽ കൂട്ടായ്മയിൽ മഹാരാഷ്ട്ര, ഗുജറാത്ത് മുതൽ കേരളം വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ആർ.പി.എഫ് (RPF) ഉദ്യോഗസ്ഥർ, റെയിൽവേ അധികൃതർ, പ്രമുഖ മലയാളി സമാജം–സംഘടനാ ഭാരവാഹികൾ, മാധ്യമപ്രവർത്തകർ എന്നിവരെല്ലാം ഒരേ കോണിൽ അണിനിരക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കൂട്ടായ്മയുടെ പ്രധാന സാരഥികളെല്ലാവരും തന്നെ തങ്ങളുടെ ഔദ്യോഗിക തിരക്കുകളും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളും മാറ്റിവെച്ച്, ഗ്രൂപ്പിന്റെ ഏകോപനത്തിനായി 24 മണിക്കൂറും സജീവമായി നിലകൊള്ളുന്നു. ഗ്രൂപ്പിൽ വരുന്ന അടിയന്തര സാഹചര്യങ്ങളിലെ സന്ദേശങ്ങളോട് അതിവേഗം പ്രതികരിക്കാനും, നിമിഷങ്ങൾക്കകം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് വിവരങ്ങൾ എത്തിക്കാനും ഇവർ എപ്പോഴും ജാഗരൂകരാണ്.

കൃത്യമായ ലക്ഷ്യബോധത്തോടെ വിപുലമായ പ്രവർത്തനങ്ങൾ
കേവലം ഒരു താല്കാലിക സഹായവേദി എന്നതിനപ്പുറം കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള വിപുലമായ നാല് പ്രധാന അജണ്ടകളാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. റെയിൽ, വിമാനം, റോഡ്, ജല ഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കുന്ന പ്രവാസികൾക്ക് യാത്രയ്ക്കിടയിൽ നേരിടുന്ന ഏതുവിധത്തിലുള്ള പ്രതിസന്ധികളിലും കൃത്യസമയത്ത് ആവശ്യമായ സഹായസഹകരണങ്ങൾ എത്തിക്കുക എന്നതാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം തന്നെ എൻ.ആർ.കെ പ്രവാസികളുടെ അടിയന്തര ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, സഹായഹസ്തവുമായി അവരുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും ഈ കൂട്ടായ്മ എപ്പോഴും മുന്നിലുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പ്രവാസി ക്ഷേമപദ്ധതികളെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന വലിയൊരു ഉത്തരവാദിത്തവും ഈ ഹെൽപ് ഡെസ്ക് കൃത്യമായി നിർവ്വഹിക്കുന്നുണ്ട്.

നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി ബോർഡ് തുടങ്ങിയ സർക്കാർ ഏജൻസികൾ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പ്രവാസികൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം നൽകുകയും അർഹരായവരെ ഈ പദ്ധതികളിൽ അംഗങ്ങളാക്കാൻ സഹായിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. കൂടാതെ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ വെച്ച് അടിയന്തിരമായി നിയമോപദേശമോ നിയമസഹായമോ ആവശ്യമുള്ള പ്രവാസികൾക്ക് അതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പിന്തുണയും ഉറപ്പാക്കാനും ഈ ഡിജിറ്റൽ ശൃംഖലയിലൂടെ സാധിക്കുന്നു.

കൊങ്കൺ പാത കടന്നുപോകുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മലയാളികളായ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരുടെയും വിവിധ പ്രവാസി സംഘടനകളുടെയും സജീവമായ സഹായ സഹകരണങ്ങളോടെയാണ് കൊങ്കൺ യാത്രാവേദി ഹെൽപ് ഡെസ്ക് അതിന്റെ ദൈനംദിന അടിയന്തര ഇടപെടലുകൾ അതിവേഗം ഏകോപിപ്പിക്കുന്നത്. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ അതിർത്തികൾക്കപ്പുറത്തുനിന്നും കൈകോർക്കുന്ന ഈ പ്രവാസി ശൃംഖലയാണ് കൂട്ടായ്മയുടെ യഥാർത്ഥ വിജയരഹസ്യം.

പ്രതിസന്ധികളിൽ തണലാകുന്ന പ്രവർത്തന ശൈലി
വിവിധ മേഖലകളിലെ ആളുകളുടെ പരസ്പര സഹകരണത്തിലൂടെ വലിയ പ്രതിസന്ധികൾക്കാണ് ഈ കൂട്ടായ്മ നിശബ്ദമായി പരിഹാരം കാണുന്നത്. യാത്രക്കാർക്ക് പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിൽ, തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സഹായവും കൃത്യമായ ചികിത്സാ നടപടിക്രമങ്ങളും ഉറപ്പാക്കാൻ ഗ്രൂപ്പിലെ റെയിൽവേ-ആരോഗ്യ അധികൃതരെ സമയബന്ധിതമായി വിവരമറിയിച്ച് ഇവർ ഉടനടി ഇടപെടുന്നു. അതുപോലെ തന്നെ ട്രെയിനുകളിൽ വെച്ചുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ, മോഷണങ്ങൾ എന്നിവ ഗ്രൂപ്പിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി കൃത്യമായ നടപടികളിലേക്ക് എത്തിക്കാൻ ഈ കൂട്ടായ്മ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിനുപുറമേ ട്രെയിനിലോ സ്റ്റേഷനുകളിലോ വെച്ച് ആളുകളെ കാണാതാകുന്ന അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ, വിവരങ്ങൾ അതിവേഗം ഈ വിപുലമായ ശൃംഖല വഴി കൈമാറി അധികൃതരെ സഹായിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ബോഗികളിലെ വൃത്തിയില്ലായ്മയോ മറ്റ് സുരക്ഷിതത്വ കുറവുകളോ ശ്രദ്ധയിൽപ്പെട്ടാൽ, യാത്രക്കാരിൽ നിന്നും വിവരങ്ങളും പി.എൻ.ആർ നമ്പറുകളും ശേഖരിച്ച് റെയിൽവേയുടെ ഔദ്യോഗിക പരാതി പരിഹാര സംവിധാനങ്ങളിലേക്ക് നേരിട്ട് എത്തിച്ച് കൃത്യമായ മാറ്റങ്ങൾ വരുത്താനും ഈ സാരഥികൾ മുന്നിൽ നിൽക്കുന്നു.
യാത്രക്കാർ അനുഭവിക്കുന്ന അതിസങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മാത്രമല്ല, ട്രെയിൻ വൈകുന്ന ഘട്ടങ്ങളിൽ കമ്പാർട്ട്മെന്റുകളിൽ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്ക് വരെ ഇവർ ഉടനടി പരിഹാരം കാണാറുണ്ട്. മണിക്കൂറുകളോളം ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ വൈകിയോടുകയോ ചെയ്യുന്ന അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും, റെയിൽ മദദ് പോർട്ടൽ വഴി കൃത്യമായി പരാതികൾ രജിസ്റ്റർ ചെയ്ത് പരിഹാരം കാണാനും ഈ ഹെൽപ് ഡെസ്ക് മുന്നിലുണ്ട്. സ്വന്തം ജീവിതത്തിരക്കുകളെല്ലാം മാറ്റിവെച്ച്, കെ. വൈ. സുധീർ അടക്കമുള്ള ഇതിന്റെ സാരഥികൾ ഈ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു എന്നതും പ്രശംസനീയമാണ്.

കാണാതാകുന്ന കുരുന്നുകൾക്ക് കാവലായി കൊങ്കൺ യാത്രാവേദി
ഈ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും തിളക്കമാർന്നതും വൈകാരികവുമായ ഒന്നാണ് വഴിതെറ്റിയും വീടുവിട്ടും കൊങ്കൺ പാതയിലൂടെ മുംബൈ ലക്ഷ്യമാക്കി എത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കണ്ടെത്താനുള്ള ഇവരുടെ കഠിനപ്രയത്നം. കേരളത്തിൽ നിന്നും മറ്റും വീടുവിട്ടിറങ്ങുന്ന ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള നിരവധി പ്രായപൂർത്തിയാകാത്ത കുരുന്നുകൾ ഈ പാതയിലൂടെ യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിക്കുന്ന നിമിഷം മുതൽ കൊങ്കൺ യാത്രാവേദിയുടെ സാരഥികൾ സജീവമായി രംഗത്തിറങ്ങുന്നു. മുംബൈക്ക് തൊട്ടുമുന്നെയുള്ള പൻവേൽ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഇത്തരം തിരച്ചിലുകൾ ഭൂരിഭാഗവും നടക്കുന്നത്.

ഗ്രൂപ്പിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയും റെയിൽവേ അധികൃതരുടെയും ശക്തമായ പിന്തുണയോടെ, കൃത്യമായ ഏകോപനത്തിലൂടെ ഈ കുഞ്ഞുങ്ങളെ സുരക്ഷിതമായി കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നുണ്ട്. അങ്ങനെ കണ്ടെത്തുന്ന കുട്ടികളെ സ്നേഹത്തോടെ പരിചരിക്കുകയും, അവരുടെ മാതാപിതാക്കളെ വിവരമറിയിച്ച് സുരക്ഷിതമായി തിരികെ നാട്ടിലേക്ക് കൂടെയയക്കുകയും ചെയ്ത ഒട്ടനവധി മാതൃകാപരമായ ഉദാഹരണങ്ങളാണ് ഈ ഹെൽപ് ഡെസ്കിന്റെ ചരിത്രത്തിലുള്ളത്. തങ്ങളുടെ ജാഗ്രതയിലൂടെ പല കുടുംബങ്ങളുടെയും കണ്ണീരൊപ്പാൻ കഴിയുന്നു എന്നത് ഈ കൂട്ടായ്മയുടെ വലിയൊരു പുണ്യമായി മാറുകയാണ്.

കേരള പോലീസിനും ടാറ്റാ ആശുപത്രിയിലെ രോഗികൾക്കും കൈത്താങ്ങായി ഹെൽപ് ഡെസ്ക്
കേവലം യാത്രാ വിവരങ്ങൾക്കും സഹായങ്ങൾക്കും അപ്പുറം, മുംബൈയിലെയും മറ്റ് അന്യസംസ്ഥാനങ്ങളിലെയും മലയാളി സമൂഹത്തിന് വലിയൊരു സുരക്ഷാ കവചം തീർക്കുകയാണ് ഈ കൂട്ടായ്മ. വിവിധ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് എത്തുന്ന കേരള പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ അനുബന്ധ സഹായങ്ങൾ എത്തിക്കാൻ കൊങ്കൺ യാത്രാവേദി മുന്നിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രവാസി സംഘടനകളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും ശക്തമായ ശൃംഖല ഉപയോഗപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പ്രാദേശിക പിന്തുണയും സഹകരണവും ഇവർ ഉറപ്പാക്കുന്നത്.

ഇതിനുപുറമേ, കാൻസർ ചികിത്സയ്ക്കായി കേരളത്തിൽ നിന്നും മുംബൈ പരേൽ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് (TATA Hospital) എത്തുന്ന നിർധനരായ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയൊരു ആശ്വാസമാണ് ഈ ഹെൽപ് ഡെസ്ക്. അപരിചിതമായ മഹാനഗരത്തിൽ ചികിത്സ തേടിയെത്തുന്ന ഇവർക്ക് ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിലും, മറ്റ് അനുബന്ധ സഹായ സഹകരണങ്ങൾ കൃത്യസമയത്ത് എത്തിക്കുന്നതിലും കൊങ്കൺ യാത്രാവേദിയുടെ സാരഥികൾ സജീവമായി ഇടപെട്ടു വരുന്നു.
ഒരുമയുടെ കരുത്തുമായി പിന്നണിയിലെ സാരഥികൾ
വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം, ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പദവികളെയും സ്വാധീനത്തെയും ജനനന്മയ്ക്കായി എങ്ങനെ സമന്വയിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഹെൽപ് ഡെസ്ക്. ഔദ്യോഗിക തിരക്കുകൾക്കിടയിലും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും കാട്ടുന്ന താല്പര്യം ഏറെ പ്രശംസനീയമാണ്.
ഈ ബൃഹത്തായ ഹെൽപ് ഡെസ്ക് സംവിധാനത്തിന് ഊർജ്ജം പകർന്ന് വലിയൊരു സാരഥി നിര തന്നെയാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. സാം വർഗ്ഗീസ് ഓതറ, ടി. വി. രാധാകൃഷ്ണൻ, രഘുനാഥൻ നായർ, ബി. ആർ. കെ ഉണ്ണിത്താൻ, കെ. വൈ. സുധീർ, ഭാസി വാരിയത്ത്, സാമുവൽ ജോർജ്, കെ. ടി. രാമകൃഷ്ണൻ, സജേഷ് നമ്പ്യാർ, ലൈജി വർഗ്ഗീസ്, നിവേദിത ഭാസി, ബിന്ദു സുധീർ, സജിനി സുരേന്ദ്രൻ, കെ. എം. മോഹൻ, വാസൻ വീച്ചേരി എന്നിവരടങ്ങുന്ന ഈ നേതൃനിരയുടെ ശക്തമായ കൂട്ടായ്മയും നിസ്വാർത്ഥ സേവനവുമാണ് കൊങ്കൺ യാത്രാവേദിയെ മുന്നോട്ട് നയിക്കുന്ന യഥാർത്ഥ കരുത്ത്. ഇതിനകം തന്നെ ഒട്ടനവധി ആളുകൾക്ക് വ്യത്യസ്തമായ രീതികളിൽ ഈ കൂട്ടായ്മയുടെ സേവനം വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്. പ്രവാസ ലോകത്തെ മലയാളി കൂട്ടായ്മകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തികച്ചും വേറിട്ടതും അഭിമാനകരവുമായ ഒരു വലിയ മാതൃക തന്നെയാണ് ‘കൊങ്കൺ യാത്ര വേദി ഹെൽപ് ഡെസ്ക്’.
യാത്രയ്ക്കിടയിൽ അടിയന്തര സഹായങ്ങൾ ആവശ്യമുള്ളവർക്ക് 90756 65212 എന്ന ഹെൽപ് ഡെസ്ക് നമ്പറിലോ, konkan.yathravedi@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.