മുംബൈ: ഐ.എൻ.ടി. ആദിത്യ ബിർള പെർഫോമിംഗ് ആർട്സ് അക്കാദമി അവതരിപ്പിക്കുന്ന, ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ വൈകാരിക സൈക്കോളജിക്കൽ ഡ്രാമ ‘ദി സ്റ്റേൽമേറ്റ്’ മുംബൈയിലെ നാടക പ്രേമികളുടെ ഇടയിൽ വൻ ശ്രദ്ധ നേടുന്നു. ചതുരംഗക്കളിയുടെ പശ്ചാത്തലത്തിൽ അതിജീവനം, ബാല്യകാല ആഘാതങ്ങൾ, നിയന്ത്രണങ്ങൾക്കായുള്ള മനുഷ്യന്റെ ആഗ്രഹം എന്നിവയെ പ്രമേയമാക്കിയാണ് ഈ നാടകം ഒരുക്കിയിരിക്കുന്നത്. തകർന്ന ഒരു സഹോദരബന്ധത്തിന്റെ സങ്കീർണ്ണതകളിലൂടെയാണ് ഇതിന്റെ കഥ വികസിക്കുന്നത്.

വളർത്തുദോഷവും അക്രമസ്വഭാവമുള്ള പിതാവിന്റെ ക്രൂരതകളും സമ്മാനിച്ച ഭയപ്പെടുത്തുന്ന ബാല്യകാല ഓർമ്മകളുമായി ജീവിക്കുന്ന രേണു, കാർത്തിക് എന്നീ സഹോദരങ്ങളിലൂടെയാണ് നാടകത്തിന്റെ സഞ്ചാരം. ജീവിതം തിരികെ പിടിക്കാൻ ഇരുവരും പോരാടുന്നതിനിടെ, ഇൻസ്പെക്ടർ ശശാങ്ക് പിതാവിന്റെ മരണവാർത്ത അറിയിക്കുന്നതോടെ മറഞ്ഞുപോയ പഴയ സത്യങ്ങൾ വീണ്ടും പുറത്തുവരുന്നു. തുടർന്ന് ഇരയും വേട്ടക്കാരനും തമ്മിലുള്ള അതിർവരമ്പുകൾ മായുന്ന, തന്ത്രങ്ങളും കൃത്രിമത്വങ്ങളും നിറഞ്ഞ ശക്തമായ സൈക്കോളജിക്കൽ പോരാട്ടത്തിനാണ് നാടകം സാക്ഷ്യം വഹിക്കുന്നത്. ഒരേസമയം സുരക്ഷിതത്വവും അതേസമയം കുടുങ്ങിക്കിടക്കുന്ന അവസ്ഥയും അനുഭവപ്പെടുന്ന വൈകാരിക പ്രമേയത്തെയാണ് ‘ദി സ്റ്റേൽമേറ്റ്’ എന്ന പേര് സൂചിപ്പിക്കുന്നത്.
വേദിയിൽ തുല്യ പ്രാധാന്യമുള്ള വേഷത്തിൽ മലയാളി സാന്നിധ്യം
നിഖിൽ കതാറ എഴുതി സംവിധാനം ചെയ്യുന്ന ഈ നാടകത്തിൽ 5 പ്രധാന കഥാപാത്രങ്ങളും 16 നർത്തകരുമാണുള്ളത്. അഞ്ച് കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമുള്ള നാടകത്തിൽ അതിലൊന്നായി എത്തുന്നത് മലയാളി യുവനടൻ കേശവ് ബിനോയ് കിറണാണ്. സുമന ചക്രവർത്തി, തുഷാർ പാണ്ഡെ, ഷോൺ വില്യംസ്, അജിങ്ക്യ ഓവൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുൻപത്തെ പ്രദർശനങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്ന് കേശവ് ബിനോയ് പറഞ്ഞു. “ഞങ്ങൾ ഇതുവരെ 3 ഷോകൾ പൂർത്തിയാക്കി. ഉദ്ഘാടന ഷോ ‘റോയൽ ഓപെറ ഹൗസിലും’ തുടർന്ന് രണ്ട് ഷോകൾ ‘എൻ.സി.പി.എ’-യിലുമാണ് നടന്നത്. നാലാമത്തെയും അഞ്ചാമത്തെയും ഷോകൾ പുതുതായി ഉദ്ഘാടനം ചെയ്ത ‘ബിർള തിയേറ്ററിൽ’ നടക്കും. മുൻ ഷോകൾക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് ഞങ്ങൾക്ക് മുന്നോട്ട് പോകാനുള്ള വലിയ ഊർജ്ജം,” കേശവ് കൂട്ടിച്ചേർത്തു.
നാടകവേദിയിൽ നിന്ന് ഇംഗ്ലീഷ് സിനിമകളിലേക്ക്
കേരളത്തിൽ ജനിച്ച കേശവ് ബിനോയ് കിറണിന്റെ വളർച്ചയും വിദ്യാഭ്യാസവും മുംബൈയിലായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിംഗ് ബിരുദധാരിയായ കേശവ് സ്കൂൾ-കോളേജ് കാലഘട്ടം മുതൽക്കേ നാടകരംഗത്ത് സജീവമാണ്.

”സ്കൂൾ-കോളേജ് പഠനകാലത്ത് നാടകങ്ങൾ ചെയ്തതാണ് എന്നിൽ അഭിനയമോഹം വളർത്തിയത്. ഒരു സിനിമാ നടൻ എന്ന നിലയിൽ, എന്നെ വളർത്തിയ നാടകവേദിയിലേക്ക് തിരിച്ചെത്തുന്നതും തത്സമയം പ്രേക്ഷകർക്ക് മുന്നിൽ അഭിനയിക്കുന്നതും ഏറെ പ്രിയപ്പെട്ട അനുഭവമാണ്. അഭിനയപാടവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം, സദസ്സിലിരിക്കുന്ന പ്രേക്ഷകരുടെ തത്സമയ പ്രതികരണങ്ങൾ അനുഭവിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്,” കേശവ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയ ‘ഗേൾസ് വിൽ ബി ഗേൾസ്’, ‘സാന്മവി’ എന്നീ രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളിലൂടെയാണ് കേശവ് സിനിമാലോകത്തേക്ക് തന്റേതായ ചുവടുവെപ്പ് നടത്തിയത്. ബിനോയ് ബി. യുടെയും ഇന്റീരിയർ ഡിസൈനറായ കവിത ബിനോയിയുടെയും മകനാണ് കേശവ്. ഏക സഹോദരി കാനഡയിൽ ഉന്നത പഠനം നടത്തുന്നു.
അരങ്ങിലെ ദൃശ്യവിരുന്ന്
പ്രസിദ്ധ കലാകാരന്മാരുടെ വലിയൊരു നിര തന്നെ അണിയറയിലും അരങ്ങിലുമായി ഈ നാടകത്തിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സുഗന്ധ ലാംബയുടെ കഥക് നൃത്തസംവിധാനത്തിൽ പ്രിൻസി നാമദേവ് സിംഗ്, നികിത ജോഷി, പരിണിത മഹേന്ദ്ര പവാർ, പ്രശസ്തി മനീശ്വർ, പ്രിയ സമർത്ഥ്, സാക്ഷി ബോഡാസ്, നിധി ദേധിയ എന്നിവരും, ദീപിക പാണ്ഡെയുടെ കളരിപ്പയറ്റ് പരിശീലനത്തിൽ മാളവിക തമ്പി, ലെവാൻ ശുഭങ്കർ, തൻമയ് ജിൻഡാൽ, ആകാശ് ഹട്ടാരക്കി, അർപിത് ഠാക്കൂർ, നിർജ നഖ്‌വ, യോഗേഷ് കുമാർ, ഗൗരി ഷിൻഡെ എന്നിവരും അരങ്ങിലെത്തുന്നു.