മുംബൈ: കലയെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാസാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’ പ്രവർത്തനമാരംഭിച്ചു. തുടക്കമെന്ന നിലയിൽ രണ്ട് ലഘുനാടകങ്ങൾ തയ്യാറാക്കി വിവിധ വേദികളിൽ വിജയകരമായി അവതരിപ്പിച്ചിരുന്നു.

കലാക്ഷേത്രയുടെ പ്രഥമ സംരംഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 8, 9 തീയതികളിൽ സൗജന്യ ദ്വിദിന ശില്പശാല സംഘടിപ്പിക്കും. ഭരതനാട്യം, മോഹിനിയാട്ടം, കർണാടക സംഗീതം, പാശ്ചാത്യ സംഗീതം, വയലിൻ, കീബോർഡ് എന്നീ വിഭാഗങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്.
ഉദ്ഘാടനവും ശില്പശാലയും ചെമ്പൂരിൽ
ഓഗസ്റ്റ് 8-ന് രാവിലെ 9.30-ന് മന്ദിരസമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ വെച്ചാണ് ശില്പശാലയുടെ ഉദ്ഘാടനം നടക്കുക. സന്ദീപ് കുമാർ ശില്പശാലയ്ക്ക് നേതൃത്വം നൽകും. തുടർന്ന് വിവിധ കലാരംഗങ്ങളിൽ പ്രഗല്ഭരും പരിചയസമ്പന്നരുമായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
മോഹിനിയാട്ടത്തിൽ ഡിംപിൾ ഗിരീഷ്, ദിവ്യാ വാര്യർ എന്നിവരും ഭരതനാട്യത്തിൽ നിമി ജയധരനും ക്ലാസുകളെടുക്കും. പാശ്ചാത്യ സംഗീതത്തിൽ റിയ ശശി, ദിവ്യാ അയ്യർ എന്നിവരും കർണാടക സംഗീതത്തിൽ രഞ്ജുഷാ സജിയും കർണാടക ശാസ്ത്രീയ സംഗീതത്തിൽ ബാബുരാജ് പിള്ളയും അധ്യാപകരായെത്തും. വയലിനിൽ അഖിലേഷ് സുബ്രഹ്മണ്യനും കീബോർഡ് വായനയിൽ ശുഭം സേത്തും പരിശീലനം നൽകും.
വിവിധ കേന്ദ്രങ്ങളിൽ പരിശീലന കളരികൾ
നാടകക്കളരി ആരംഭിക്കുന്നതിന്റെ ഭാഗമായി, പരിശീലനം പൂർത്തിയാക്കിയവരെ ഉൾപ്പെടുത്തി പുതിയ നാടകാവതരണവും സംഘടിപ്പിക്കും. മന്ദിരസമിതിയുടെ ചെമ്പൂർ, ഗുരുദേവഗിരി, മീരാറോഡ് എന്നീ കേന്ദ്രങ്ങളിലാണ് പരിശീലന കളരികൾ ആരംഭിക്കുന്നത്.
കലാക്ഷേത്രയുടെ ഭാവി പ്രവർത്തനങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും കലാസ്നേഹികളുടെയും അഭ്യുദയകാംക്ഷികളുടെയും ഭാഗത്തുനിന്ന് മികച്ച പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായി മന്ദിരസമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അറിയിച്ചു.
പരിശീലന കളരികളിൽ ചേരുന്നതിനുള്ള അപേക്ഷാ ഫോമുകൾ പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകും. കൂടാതെ ഓൺലൈൻ വഴിയും അപേക്ഷിക്കാവുന്നതാണ്. എ. കെ. ജയസൂര്യൻ, ശശി പണിക്കർ എന്നിവരാണ് കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.