മുംബൈ: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയായ പ്രതിഷേധക്കാരെ മോശമായി സ്പർശിച്ചെന്ന ആരോപണത്തിൽ വൻ വിവാദം. ഒരു സാധാരണ വസ്ത്രം ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.
സംഭവം വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. എന്നാൽ പ്രചരിക്കുന്ന വീഡിയോ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് ഈ ആരോപണം പൂർണ്ണമായും തള്ളി.
സീനിയർ ഉദ്യോഗസ്ഥർ വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതായി ഡിസിപി (ഓപ്പറേഷൻസ്) അക്ബർ പഠാൻ അറിയിച്ചു. ആൺകുട്ടിയായ ഒരു പ്രതിഷേധക്കാരനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ, ഉദ്യോഗസ്ഥൻ മറ്റ് ഭാഗത്തേക്ക് നോക്കി നൽക്കുമ്പോഴാണ് യുവതി പെട്ടെന്ന് ഇടയിലേക്ക് കയറിവന്നതെന്ന് അക്ബർ പഠാൻ വ്യക്തമാക്കി. വീഡിയോ ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി വർഷ ഗെയ്‌ക്‌വാദ്, എൻസിപി (ശരദ് പവാർ) എംഎൽഎ രോഹിത് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ രംഗത്തെത്തി. വനിതാ പൊലീസിനെ ഉപയോഗിക്കുന്നതിന് പകരം പുരുഷ ഉദ്യോഗസ്ഥൻ യുവതിയെ കൈകാര്യം ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് വർഷ ഗെയ്‌ക്‌വാദ് കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും കേസ് എടുക്കണമെന്നും രോഹിത് പവാറും ആവശ്യപ്പെട്ടു.
എന്നാൽ ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി വക്താവ് നവ്നാഥ് ബാൻ രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യാഥാർത്ഥ്യം പരിശോധിക്കാതെ പരസ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോൺസ്റ്റബിളിനെഇന്നലെ പൊലീസ് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ വിവാദം പുറത്തുവന്നിരിക്കുന്നത്.