മഴക്കെടുതിയിൽ റയിൽ പാളങ്ങൾ വെള്ളത്തിൽ; മുംബൈ-ഗുജറാത്ത് റൂട്ടിൽ 61 തീവണ്ടികൾ റദ്ദാക്കി

by WhatsUp Mumbai

അഹമ്മദാബാദ്: ദക്ഷിണ ഗുജറാത്തിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ-ഗുജറാത്ത് റൂട്ടിലെ റയിൽ ഗതാഗതം തുടർച്ചയായ രണ്ടാം ദിനവും രൂക്ഷമായി ബാധിച്ചു. പ്രീമിയം സർവീസുകളായ വന്ദേ ഭാരത് എക്സ്പ്രസ്, കർണാവതി എക്സ്പ്രസ്, ഡബിൾ ഡെക്കർ, ശതാബ്ദി, രാജധാനി എന്നിവ ഉൾപ്പെടെ 61 തീവണ്ടികളാണ് വെസ്റ്റേൺ റയിൽവേ വെള്ളിയാഴ്ച റദ്ദാക്കിയത്.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള ട്രാക്കിലെ തടസ്സങ്ങൾ നീക്കി വേഗത നിയന്ത്രിച്ച് സർവീസ് പുനരാരംഭിച്ചതായി റയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രാക്കിൽ തടസ്സം തുടരുകയാണ്.

​ഹാപ്പ-മുംബൈ സെൻട്രൽ ദുരന്തോ എക്സ്പ്രസ് (12268), ഇന്ദോറും-മുംബൈ സെൻട്രൽ ദുരന്തോ (12228), ഹസ്രത്ത് നിസാമുദ്ദീൻ-ബാന്ദ്ര ടെർമിനസ് ഗരീബ് രഥ് എക്സ്പ്രസ് (12910), ഹസ്രത്ത് നിസാമുദ്ദീൻ-മുംബൈ സെൻട്രൽ ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസ് (12954), ഹരിദ്വാർ-ബാന്ദ്ര ടെർമിനസ് എക്സ്പ്രസ് (19019), ബാന്ദ്ര ടെർമിനസ്-ജോധ്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12480) തുടങ്ങിയ പ്രധാന ദീർഘദൂര സർവീസുകൾ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ വെസ്റ്റേൺ റയിൽവേ റദ്ദാക്കി.

ഇതിനുപുറമെ ആനന്ദ്-വഡോദര മെമു (69104), വഡോദര-സൂററ്റ് മെമു (69112), ഭറൂച്ച്-സൂററ്റ് മെമു (69172), വഡോദര-ദഹാനു റോഡ് (22929/22930), വിരാർ-ഭറൂച്ച് (19101), ബാന്ദ്ര ടെർമിനസ്-ഉധ്ന സ്പെഷ്യൽ (09035) എന്നീ പാസഞ്ചർ, സബർബൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

സൂററ്റിൽ നിന്ന് മുംബൈയിലേക്കുള്ള അപ്ട്രാക്കിൽ നിയന്ത്രിത വേഗതയിൽ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ മുംബൈയിൽ നിന്ന് സൂററ്റിലേക്കുള്ള ഡൗൺ ട്രാക്ക് ഇതുവരെ പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നും ഉടൻ തന്നെ സർവീസുകൾ പൂർണമായി പുനരാരംഭിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു,” വെസ്റ്റേൺ റയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (CPRO) വിനീത് അഭിഷേക് പറഞ്ഞു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ മുംബൈ-ഗുജറാത്ത് റൂട്ടിലെ സർവീസുകൾ തടസ്സപ്പെട്ടത് ആയിരക്കണക്കിന് യാത്രികരെയും ദിനംപ്രതി യാത്ര ചെയ്യുന്ന വ്യാപാരികളെയും ദുരിതത്തിലാക്കി.

വ്യാഴാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ ബിലിമോറ സെക്ഷൻ ഉൾപ്പെടെ മൂന്നിടങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എഞ്ചിനീയറിംഗ് ടീമുകൾ ട്രാക്കുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാലാവസ്ഥ മെച്ചപ്പെടുന്നതിനും ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അനുസരിച്ച് സർവീസുകൾ ഘട്ടമായി പുനരാരംഭിക്കും.

വ്യാഴാഴ്ച ഘോൽവദ്-ഉംബർഗാവ് റോഡിനിടയിലുള്ള പാലത്തിൽ പ്രളയജലം അപകടകരമായ നിലയിലേക്ക് ഉയർന്നതാണ് റയിൽ ഗതാഗതത്തെ ബാധിച്ചത്. തുടർന്ന് വെസ്റ്റേൺ റയിൽവേ ശൃംഖലയിലുടനീളം സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. മുംബൈയിലേക്ക് വരികയായിരുന്ന പല ദീർഘദൂര തീവണ്ടികളും സൂററ്റിനും മുംബൈക്കുമിടയിലെ വിവിധ സ്റ്റേഷനുകളിൽ ആറു മണിക്കൂറോളം പിടിച്ചിട്ടു.

ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കൂ എന്നതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻപ് തീവണ്ടികളുടെ തത്സമയ സ്ഥിതി പരിശോധിക്കണമെന്ന് റയിൽവേ അധികൃതർ യാത്രികർക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may also like