നഗരബാല്യങ്ങൾക്ക് പ്രകൃതിയുടെ കുളിർമഴ നൽകി ടിടിഎഫ്എസി; ‘കുഞ്ഞിച്ചുവടുകൾ’ ശ്രദ്ധേയമാകുന്നു

by admin

മുംബൈ: മഹാനഗരത്തിലെ തിരക്കേറിയ ജീവിതശൈലി കാരണം പ്രകൃതിയുമായി നേരിട്ട് ഇടപഴകാൻ അവസരം കുറയുന്ന കുട്ടികൾക്ക് പുതിയൊരു അനുഭവം സമ്മാനിക്കുക ലക്ഷ്യമിട്ട്, അണുശക്തിനഗറിലെ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് (TTFAC) സംഘടിപ്പിച്ച പ്രകൃതിപഠന യാത്ര ശ്രദ്ധേയമാകുന്നു. “കുഞ്ഞിച്ചുവടുകൾ” എന്ന പേരിൽ കൊണ്ടാനെ ഗുഹകളിലേക്ക് നടത്തിയ ഈ യാത്രാനുഭവത്തിൽ അൻപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

മലകയറ്റം എന്ന കായിക വിനോദത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അറിവുകൾ കുട്ടികൾ ഏറെ കൗതുകത്തോടെയാണ് സ്വീകരിച്ചത്. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന കൊണ്ടാനെയിലെ ചരിത്രപ്രസിദ്ധമായ ബുദ്ധ ഗുഹകൾ കുട്ടികളിൽ വലിയ കൗതുകമുണർത്തി. സഹ്യാദ്രിയിലെ രാജ്മാച്ചി മലനിരകളുടെ ഭാഗമായ കൊണ്ടാനെയിലെ വെള്ളച്ചാട്ടവും, മലഞ്ചെരുവിലെ മഴയും കാറ്റും കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു.

മഴയും മണ്ണും മലയും മരങ്ങളും നേരിട്ടറിഞ്ഞ കുട്ടികളുടെ സന്തോഷം രക്ഷിതാക്കൾക്കും ആഹ്ലാദകരമായ അനുഭവമായി മാറി. പ്രകൃതിയോട് ഇണങ്ങി നിൽക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിൽ TTFAC സംഘടിപ്പിച്ച ഈ യാത്ര പൂർണ്ണ വിജയം കണ്ടതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

You may also like