മുംബൈ : മരുന്നുകളുടെ ഗുണനിലവാരം വേഗത്തിൽ ഉറപ്പാക്കുന്നതിനായി പോർട്ടബിൾ ഡ്രഗ് ഡിറ്റക്ഷൻ മെഷീനുകൾ വിന്യയിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. വെറും ഒരു മിനിറ്റിനുള്ളിൽ മരുന്നുകൾ പരിശോധിക്കാനും അവയുടെ രാസഘടനയിലെ പൊരുത്തക്കേടുകൾ കണ്ടെത്താനും സാധിക്കുന്നതാണ് ഈ പുതിയ സംവിധാനം. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മഹാരാഷ്ട്ര സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
റമാൻ സ്പെക്ട്രോസ്കോപ്പി (Raman spectroscopy) സാങ്കേതികവിദ്യയിലുള്ള എട്ട് പോർട്ടബിൾ മെഷീനുകളാണ് ഓരോന്നിനും 1.2 കോടി രൂപ നിരക്കിൽ ആകെ 9.6 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ വാങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച ഈ മെഷീനുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രകാശ് അബിത്കർ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ ഗുണനിലവാരം പൊതുജനാരോഗ്യ സംവിധാനത്തിൽ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും, സംശയകരമായ മരുന്നുകൾ വേഗത്തിൽ തിരിച്ചറിയാനും സർക്കാർ ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്ന മരുന്നുകളുടെ നിരീക്ഷണം ശക്തമാക്കാനും ഈ മെഷീനുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ സംശയം തോന്നുന്ന മരുന്നുകളുടെ സാമ്പിളുകൾ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കലിബ്രേഷൻ ലബോറട്ടറീസിന്റെ (NABL) അംഗീകാരമുള്ള ലബോറട്ടറിയിലേക്ക് ഉറപ്പുവരുത്തുന്നതിനായി അയക്കും. ലബോറട്ടറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപ്രകാരം ബന്ധപ്പെട്ട ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തുന്ന പക്ഷം കമ്പനികളെ കറുത്ത പട്ടികയിൽ (blacklisting) ഉൾപ്പെടുത്തുന്ന നടപടിയും ഉണ്ടായേക്കാം.
ഈ മെഷീനുകളിൽ ഏകദേശം 5,000 മരുന്നുകളുടെ ഡാറ്റാബേസ് അടങ്ങിയിട്ടുണ്ട്. ഗുളികകൾ, കാപ്സ്യൂളുകൾ, ദ്രാവക മരുന്നുകൾ, ചുമയ്ക്കുള്ള സിറപ്പുകൾ എന്നിവയെല്ലാം ഇതിലൂടെ പരിശോധിക്കാൻ സാധിക്കും. ലേസർ വെളിച്ചം ഉപയോഗിച്ച് ഒരു വസ്തുവിനെ വിശകലനം ചെയ്ത് അതിന്റെ കെമിക്കൽ ഫിംഗർപ്രിന്റ് രൂപപ്പെടുത്തുകയും, പ്രതീക്ഷിക്കുന്ന ഫോർമുലേഷനുമായി താരതമ്യം ചെയ്ത് സാധ്യമായ പൊരുത്തക്കേടുകൾ തിരിച്ചറിയുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണം ആവശ്യമായ സംശയകരമായ മരുന്നുകളെ വേഗത്തിൽ കണ്ടെത്താൻ ഈ പ്രാഥമിക പരിശോധന ഉദ്യോഗസ്ഥരെ സഹായിക്കും. എങ്കിലും, ഗുണനിലവാര തകരാറുകൾ കൃത്യമായി സ്ഥിരീകരിക്കുന്നതിന് ലബോറട്ടറി പരിശോധന അനിവാര്യമായിരിക്കും .
സംസ്ഥാനത്തുടനീളം എട്ട് മെഷീനുകളാണ് വിന്യേശിച്ചിരിക്കുന്നത്. ഈ എട്ട് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനായി പൊതുജനാരോഗ്യ വകുപ്പ് 16 ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഒരു ഫാർമസിസ്റ്റ് ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ വീതമാണ് ഓരോ ഉപകരണത്തിനും ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും സാങ്കേതിക പിന്തുണയും വിതരണക്കാർ നൽകും. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതും രോഗികൾക്ക് നൽകുന്നതുമായ മരുന്നുകൾ പരിശോധിക്കുന്നതിനായി ഒരു ഫ്ലൈയിംഗ് സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ, സബ് ജില്ലാ, ഗ്രാമീണ ആശുപത്രികൾക്കൊപ്പം മറ്റ് സർക്കാർ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും ഈ സംഘം സന്ദർശനം നടത്തുന്നതാണ്.
താനെ, പൂനെ, നാഗ്പൂർ, സോലാപൂർ, കൊൽഹാപൂർ, ഛത്രപതി സംഭാജി നഗർ, അമരാവതി, ലാത്തൂർ എന്നീ സ്ഥലങ്ങളിലാണ് മെഷീനുകൾ വിന്യേശിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങൾക്ക് കീഴിലുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി മരുന്നുകൾ സ്ക്രീൻ ചെയ്യുകയും ലബോറട്ടറി പരിശോധന ആവശ്യമുള്ള സാമ്പിളുകൾ കണ്ടെത്തുകയും ചെയ്യും.
സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി നവംബർ അവസാനത്തോടെ 3,300 ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ പദ്ധതിയിടുന്നതായും പ്രകാശ് അബിത്കർ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നവംബർ ആദ്യ ആഴ്ചയിൽ 600 സ്പെഷ്യലിസ്റ്റുകളും 800 എം.ബി.ബി.എസ് ബിരുദധാരികളും ഉൾപ്പെടെ 1,400 ഡോക്ടർമാരെ നിയമിക്കും. രണ്ടാം ഘട്ടത്തിൽ, ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി (BAMS) ബിരുദധാരികളായ 1,900 ഉദ്യോഗാർത്ഥികളെ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരായി നവംബർ അവസാനത്തോടെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.