മുംബൈ : നഗരത്തിലെ പ്രശസ്തമായ കൊളാബ കോസ്വേ ഇനി പുതിയ മുഖത്തേക്ക്. 91 പുതിയ സ്റ്റാളുകളും, ക്രമീകരിച്ച വെണ്ടർമാരും, മെച്ചപ്പെട്ട നടപ്പാതകളുമായി മുംബൈയിലെ ആദ്യ പ്രദേശമായി കൊളാബ മാറുകയാണ്. കാൽനടയാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്താനും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനുമാണ് പുതിയ പദ്ധതി.
ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബി.എം.സി) നേതൃത്വത്തിലാണ് 2.28 കോടി രൂപ ചെലവിലുള്ള ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ജില്ലാ ആസൂത്രണ വികസന കൗൺസിലിന്റെ (ഡി.പി.ഡി.സി) പൂർണ്ണ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ എം.എൽ.എയും മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുമായ രാഹുൽ നർവേകർ, മുൻ ബി.ജെ.പി കോർപ്പറേറ്റർ മകരന്ദ് നർവേകർ എന്നിവരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന മാറ്റം.
പദ്ധതിയുടെ ഭാഗമായി എല്ലാ വഴിയോരക്കച്ചവടക്കാർക്കും ഒരേപോലെയുള്ള സ്റ്റാളുകളും പ്രത്യേക ബോർഡുകളും ഒരുക്കും. നഗരസഭയുടെ ഔദ്യോഗിക ക്യു.ആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡുള്ള കച്ചവടക്കാർക്ക് മാത്രമായിരിക്കും ഇവിടെ അനുമതി. വ്യാപാരികളെ കൃത്യമായി പരിശോധിച്ചുറപ്പിച്ച ശേഷമായിരിക്കും സ്റ്റാളുകൾ അനുവദിക്കുക.
പ്രശസ്ത നിർമ്മാണ കമ്പനിയായ പുഷ്പം ഇൻഫ്രാപ്രോജക്ട്സിനാണ് സ്റ്റാളുകളുടെ നിർമ്മാണ ചുമതല. ഒരു മീറ്റർ വീതം വലിപ്പമുള്ളതാണ് ഓരോ സ്റ്റാളും. ഇതിന്റെ മാതൃകാ സ്റ്റാൾ കൊളാബ കോസ്വേയിൽ നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. ആദ്യ ഘട്ടത്തിലുള്ള പുതിയ സ്റ്റാളുകൾ വരുന്ന ആഴ്ചകളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വഴിനടക്കുന്നവർക്ക് യാതൊരുവിധ തടസ്സവുമില്ലാതെ കച്ചവടം നടത്താനും, കൊളാബയുടെ ടൂറിസം ഭംഗി വർദ്ധിപ്പിക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.