പെൻ: കൊങ്കൺ മേഖലയിലെ മലയാളം മിഷൻ പ്രവേശനോത്സവം പെൻ നഗരസഭാ വാചനാലയത്തിൽ വർണാഭമായ പരിപാടികളോടെ നടന്നു. പെൻ മലയാളി സമാജം പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി സാഹിത്യകാരൻ കെ.വി. മോഹനൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രീതം ലളിത് പാട്ടീൽ മുഖ്യാതിഥിയായി.
ഭാഷാപഠനത്തിന്റെ പ്രാധാന്യവും കുട്ടികൾക്ക് ലഭിക്കേണ്ട ദിശാബോധവും കെ.വി. മോഹനൻ പ്രഭാഷണത്തിൽ വിശദീകരിച്ചു. മേഖലാ കോഡിനേറ്റർ സജിനി സുരേന്ദ്രൻ നഗരസഭാധ്യക്ഷയെ പൊന്നാടയണിയിച്ച് ആദരിച്ചു.
മലയാളഭാഷാ പഠനത്തിന് നഗരസഭയുടെ എല്ലാ പിന്തുണയും ഉറപ്പുനൽകിയ നഗരസഭാധ്യക്ഷ മുൻ അധ്യയനവർഷത്തെ പഠനോത്സവ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മലയാളം മിഷൻ കൊങ്കൺ മേഖലാ പ്രസിഡന്റ് സാം വർഗീസ്, മേഖലാ കോഡിനേറ്റർ സജിനി സുരേന്ദ്രൻ, സാമൂഹിക പ്രവർത്തകൻ സലിം തുടങ്ങിയവർ പങ്കെടുത്തു.സമാജം ഭാരവാഹികൾ അതിഥികളെയും അധ്യാപകരെയും ആദരിച്ചു.
പുതിയ പഠിതാക്കളെ അധ്യാപകർ കണിക്കൊന്ന പാഠപുസ്തകങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. മേഖലാ ക്ലാസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സജിനി സുരേന്ദ്രൻ അവലോകനവും നിർദേശങ്ങളും നൽകി. സാം വർഗീസ് നയിച്ച ‘വിനോദവും വിജ്ഞാനവും’ പഠനക്ലാസും ശ്രദ്ധേയമായി. നീലക്കുറിഞ്ഞി പഠിതാവ് അമൃത സഹദേവന്റെ മലയാളത്തിലുള്ള അവതരണവും ശ്രദ്ധേയമായി. പഠനകേന്ദ്രം കൺവീനർ ദീപാ ജ്യോതിഷ് നന്ദി പറഞ്ഞു. വൈകിട്ട് മൂന്നോടെ പരിപാടികൾ സമാപിച്ചു.