സ്കൂളുകളിലും മാറ്റം, കർശന നിയമങ്ങളും: ലഹരി നിർമാർജനത്തിന് ‘ഹോൾ ഓഫ് ഗവൺമെന്റ് അപ്രോച്ച്’ നയവുമായി മഹാരാഷ്ട്ര!

by WhatsUp Mumbai

മുംബൈ: 2029-ഓടെ സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര മന്ത്രിസഭ ‘ഹോൾ ഓഫ് ഗവൺമെന്റ് അപ്രോച്ച്’ (Whole-of-Government Approach) നയത്തിന് അംഗീകാരം നൽകി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലഹരിക്കെതിരെ എല്ലാ സർക്കാർ വകുപ്പുകളെയും സംയോജിപ്പിച്ച് ഇത്തരമൊരു നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.

കേന്ദ്ര സർക്കാരിന്റെ ‘നശാ മുക്ത് ഭാരത് അഭിയാൻ’ ദൗത്യത്തിന്റെ ഭാഗമായ പദ്ധതിയിലൂടെ ലഹരി ഉത്പാദനം, കടത്ത്, ഉപയോഗം, സിന്തറ്റിക് ലഹരി നിർമ്മാണം എന്നിവ തടയും. പ്രവർത്തനം ഏകോപിപ്പിക്കാൻ ആന്റി നാർക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സുമായി (ANTF) ചേർന്ന് വകുപ്പുകൾ പ്രവർത്തിക്കും. ഓരോ വകുപ്പിലും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള നോഡൽ ഓഫീസറെ നിയമിക്കും.

2027 അക്കാദമിക് വർഷം മുതൽ 5-ാം ക്ലാസ് മുതലുള്ള പാഠ്യപദ്ധതിയിൽ ലഹരിവിരുദ്ധ പാഠഭാഗം ഉൾപ്പെടുത്തും. ‘മുഖ്യമന്ത്രിയുടെ എന്റെ സ്കൂൾ, സുന്ദരമായ സ്കൂൾ’ പദ്ധതിയിലൂടെ ഇതിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകൾക്ക് അധിക മാർക്ക് നൽകും. മികച്ച ലഹരിമുക്ത ജില്ലയ്ക്ക് ജൂൺ 26-ന് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പുരസ്‌കാരം നൽകും.

You may also like