മുംബൈ: സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി വിചാരണ നേരിടുന്ന അമ്മയ്ക്ക് പ്രായപൂർത്തിയാകാത്ത മകളുടെ കസ്റ്റഡി അനുവദിച്ച് ബോംബെ ഹൈക്കോടതി. കുട്ടിയുടെ ക്ഷേമവും മികച്ച താൽപ്പര്യങ്ങളും മുൻനിർത്തിയാണ് ജസ്റ്റിസ് മനീഷ് പിതാലെ ഉൾപ്പെട്ട ബെഞ്ചിന്റെ ഈ സുപ്രധാന ഉത്തരവ്. അമ്മ ക്രിമിനൽ കേസിൽ പ്രതിയാണെന്നത് മാത്രം കുട്ടിയുടെ കസ്റ്റഡി നിഷേധിക്കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭർത്താവിന്റെ മരണത്തെത്തുടർന്ന് ജയിലിലായ സ്ത്രീക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് തന്റെ പ്രായപൂർത്തിയാകാത്ത മകളെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കുട്ടിയുടെ പിതൃസഹോദരനും കുടുംബവും ഇതിനെ ശക്തമായി എതിർത്തു. സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ കൂടെ കുട്ടിയെ വിടുന്നത് സുരക്ഷിതമല്ലെന്നും, കുട്ടിയുടെ മാനസികാവസ്ഥയെ അത് ബാധിക്കുമെന്നുമായിരുന്നു ഇവരുടെ വാദം.
എന്നാൽ, കേസിൽ വിചാരണ നേരിടുന്നുണ്ടെങ്കിലും അമ്മയ്ക്ക് കുട്ടിയോടുള്ള സ്നേഹവും പരിചരണവും കുറയുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുമായി വ്യക്തിപരമായി സംസാരിച്ച കോടതി, പെൺകുട്ടിക്ക് അമ്മയോടൊപ്പം ജീവിക്കാനാണ് താല്പര്യമെന്നും കണ്ടെത്തി. കുട്ടിയുടെ ഭാവി, വിദ്യാഭ്യാസം, മാനസിക സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാൻ അമ്മയുടെ തണലാണ് ഈ പ്രായത്തിൽ കൂടുതൽ അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.