ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ ഹൈക്കോടതി, പഞ്ചനക്ഷത്ര ഹോട്ടലുകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ച് ഭീതി പരത്തിയ സംഭവത്തിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജൻ തമിഴ്‌നാട്ടിൽ പിടിയിലായി. ശരത് സുബ്രഹ്മണ്യം ശങ്കർ എന്നയാളെയാണ് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പൊലീസും മുംബൈ പൊലീസും നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. ഡാർക്ക് വെബ് വഴി ഉണ്ടാക്കിയ ഔട്ട്‌ലുക്ക് ഇമെയിൽ ഐഡികളും ദക്ഷിണേന്ത്യൻ രാഷ്ട്രീയക്കാർ, താരങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളും ഉൾപ്പെടെ സന്ദേശങ്ങളിലെ 9 പൊതുസ്വഭാവങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ശരത് സുബ്രഹ്മണ്യത്തിനെതിരെ മുംബൈയിൽ മാത്രം 17 കേസുകളുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ മുംബൈ പൊലീസ് നീക്കം തുടങ്ങി. അതേസമയം, ബോംബെ ഹൈക്കോടതിക്ക് വ്യാജ ഭീഷണി സന്ദേശമയച്ച മറ്റൊരു കേസിൽ ശ്രീനിവാസ് ലൂയിസ് എന്ന പ്രതിക്കായി മുംബൈ പൊലീസ് മൈസൂരു പൊലീസിനെയും സമീപിച്ചിട്ടുണ്ട്.