നവി മുംബൈ: പ്രശസ്ത വിവർത്തക ലീലാ സർക്കാരിനെ കേരള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും കുടുംബവും നവി മുംബൈയിലെ വസതിയിലെത്തി സന്ദർശിച്ച് ആദരം അറിയിച്ചു. അരമണിക്കൂറോളം ലീലാ സർക്കാരുമായി മന്ത്രിയും കുടുംബവും സമയം ചെലവഴിച്ചു. സന്ദർശന ഒടുവിൽ താൻ രചിച്ച പുസ്തകം മന്ത്രിക്കും കുടുംബത്തിനും സമ്മാനിച്ച ലീലാ സർക്കാർ, അവർക്ക് മധുരപലഹാരങ്ങളും പങ്കുവെച്ചാണ് യാത്രയാക്കിയത്.മുംബൈയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി, ഇതിനിടയിലാണ് ലീലാ സർക്കാരിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

”മലയാള സാഹിത്യ ശാഖയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ലീലാ സർക്കാരിനെ നേരിട്ട് കാണാനും വസതിയിൽ സന്ദർശിച്ച് ആദരമറിയിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്,” എന്ന് സന്ദർശനത്തിന് ശേഷം മന്ത്രി എം. ലിജു പറഞ്ഞു.

നൂറിലേറെ ബംഗാളി നോവലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ലീലാ സർക്കാർ, മലയാള സാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. രബീന്ദ്രനാഥ് ടാഗോർ, ശരത് ചന്ദ്ര ചാറ്റർജി, മുൻഷി പ്രേംചന്ദ്, വനഫൂൽ, ബിഭൂതിഭൂഷൺ, ബുദ്ധദേവഗുഹ, സത്യജിത് റായ് തുടങ്ങിയ പ്രമുഖരുടെ കൃതികൾ അവർ മലയാളത്തിന് സമ്മാനിച്ചു. 1969-ൽ ദീപേഷ് സർക്കാരുമായുള്ള വിവാഹത്തോടെ ബംഗാളിലെത്തിയ അവരുടെ ആദ്യ പരിഭാഷ 1978-ൽ ‘ജനയുഗ’ത്തിലാണ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1994), കേരള സാഹിത്യ അക്കാദമി അവാർഡ് (2000), സി.പി. മേനോൻ സ്മാരക അവാർഡ് (2010), വിവർത്തകരത്നം (2015) തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി നാട് അവരെ ആദരിച്ചിട്ടുണ്ട്.
