മുംബൈ : ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയാൻ ലക്ഷ്യമിട്ടുള്ള ‘പൊതുപരീക്ഷാ ഭേദഗതി ബിൽ, 2026’ ലോക്സഭ പാസാക്കിയ നടപടിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വാഗതം ചെയ്തു. നിയമനിർമാണത്തിന് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച അദ്ദേഹം, ബില്ലിനെ പിന്തുണച്ച പാർലമെന്റ് അംഗങ്ങൾക്കും നന്ദി അറിയിച്ചു. വിദ്യാർഥികൾക്കൊപ്പം എൻഡിഎ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കടുത്ത ശിക്ഷ, ഫാസ്റ്റ് ട്രാക്ക് കോടതികൾ, സമയബന്ധിത അന്വേഷണം എന്നിവ ഉറപ്പാക്കുമെന്നും എക്സിലൂടെ (ട്വിറ്റർ) അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെ ശബ്ദവോട്ടോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ജന്തർ മന്തറിലെ പ്രതിഷേധവും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സർക്കാരിനെയും വിമർശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫഡ്നാവിസ് രൂക്ഷവിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ തനിക്ക് സമയമില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ ഗൗരവമുള്ള കാര്യങ്ങളൊന്നുമില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഫഡ്നാവിസ് പരിഹസിച്ചു.