മുംബൈ : മഹാരാഷ്ട്രയിലെ ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെല്ലിന്റെ വസായി–വിരാർ ജില്ലാ കോ-കൺവീനർമാരായി മലയാളികളായ അമരദാസൻ സി. നായർ, വി.കെ. സുകുമാരൻ എന്നിവരെ നിയമിച്ചു. ഇരുവരുടെയും ദീർഘകാലത്തെ സംഘടനാപരമായ പ്രവർത്തനപരിചയവും പൊതുസേവന രംഗത്തെ മികവും മുൻനിർത്തിയാണ് ഈ പുതിയ ചുമതല.
മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപമുള്ള കുളവിൽ വീട്ടിൽ പരേതരായ അപ്പുക്കുട്ടൻ നായരുടെയും ലീലാവതി അമ്മയുടെയും മകനായ അമരദാസൻ സി. നായർ നിലവിൽ വസായ് ഈസ്റ്റിലെ കാപ്രിക്കോൺ സൊസൈറ്റിയിലാണ് താമസം. പാലക്കാട് മങ്കര, വള്ളിക്കളത്തിൽ സ്വദേശിയായ വി.കെ. സുകുമാരൻ നിലവിൽ വസായ് ഓം നഗറിലെ പത്മാവതി ബിൽഡിംഗിലാണ് താമസിക്കുന്നത്.
ചെറുപ്പം മുതൽ സാമൂഹിക, സാംസ്കാരിക, സംഘടനാ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായ അമരദാസൻ സി. നായരും വി.കെ. സുകുമാരനും വിവിധ മലയാളി സംഘടനകളുടെ ലൈഫ് മെമ്പർമാർ കൂടിയാണ്.
ചടങ്ങിൽ ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെൽ കോ-ഓർഡിനേറ്റർ വിനോദ് നായർ, മഹാരാഷ്ട്ര കേരള സെൽ കോ-ഓർഡിനേറ്റർ ശ്രീ. ഉത്തംകുമാർ എന്നിവരും പാർട്ടിയുടെ വിവിധ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.