തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക ദർശനവും ലോകസമാധാനത്തിനും മാനവപുരോഗതിക്കുമുള്ള അതിൻ്റെ പ്രസക്തിയും പ്രമേയമാക്കുന്ന ‘Harmony Unveiled – Sree Narayana Guru’s Blueprint for World Peace and Progress’ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരം ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ വെച്ച് പ്രകാശനം ചെയ്തു. കേരള മുഖ്യമന്ത്രി വി.ഡി. സതീശനാണ് പുസ്തകപ്രകാശനം നിർവ്വഹിച്ചത്.

ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) ചെയർമാൻ ഡോ. എൻ. എം. ഷറഫുദ്ദീൻ, അർബാനിയോ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറും INMECC സെക്രട്ടറി ജനറലുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനനും ഹിമാലയൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ ശ്രദ്ധേയമായ യാത്രയാണ് ഈ ഗ്രന്ഥത്തിനുള്ളത്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് 2024 നവംബർ 29-ന് വത്തിക്കാനിൽ വെച്ച്, സർവ്വ മത സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. തുടർന്ന് രണ്ടാം പതിപ്പ് ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള വിക്ടോറിയ പാർലമെന്റിൽ നടന്ന ആഗോള സർവ്വമത പാർലമെന്റിൽ വെച്ച് വിക്ടോറിയൻ പാർലമെന്റിലെ ചീഫ് ഗവൺമെന്റ് വിപ്പ് ലീ ടാർലാമിസ് OAM MP പ്രകാശനം ചെയ്യുകയായിരുന്നു. ഡോ. ശശി തരൂർ എം.പി., ചാണ്ടി ഉമ്മൻ എം.എൽ.എ., ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയ പ്രമുഖരും ആ ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ-പാർലമെന്ററി സ്ഥാപനങ്ങളുടെ ഗ്രന്ഥശേഖരങ്ങളിൽ സ്ഥാനം പിടിച്ചതാണ് ഈ ഗ്രന്ഥത്തിന്റെ അന്താരാഷ്ട്ര അംഗീകാരം ഇരട്ടിയാക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ലൈബ്രറി, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലൈബ്രറി, ബ്രിട്ടീഷ് കൗൺസിൽ, ബ്രിട്ടീഷ് പാർലമെന്റ്, വിക്ടോറിയ പാർലമെന്റ്, ഫിലിപ്പീൻസിലെ ബറ്റാംഗാസ് യൂണിവേഴ്‌സിറ്റി, ബാങ്കോക്കിലെ രാജഭട്ട് യൂണിവേഴ്‌സിറ്റി എന്നിവയ്ക്കു പുറമേ ഇന്ത്യയിലെ അൻപതിലധികം സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രന്ഥശേഖരങ്ങളിൽ ‘ഹാർമണി അൺവെയിൽഡ്’ ലഭ്യമാണ്.
സംഘർഷങ്ങളും ഭിന്നതകളും നിറഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തിൽ സമത്വം, സാഹോദര്യം, വിദ്യാഭ്യാസം, കാരുണ്യം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി അന്താരാഷ്ട്ര അക്കാദമിക തലത്തിൽ ചർച്ച ചെയ്യാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് രചയിതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. വത്തിക്കാനിൽ നിന്നും മെൽബൺ വഴി കേരള സെക്രട്ടേറിയറ്റിൽ എത്തിനിൽക്കുന്ന ഈ യാത്ര, “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വിശ്വമാനവിക സന്ദേശം ലോകമെമ്പാടും എത്തിക്കാനുള്ള പ്രയാണത്തിന്റെ ഭാഗമാണ്.