മുംബൈ: ക്ഷയരോഗ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘ടി.ബി മുക്ത മുംബൈ’ ക്യാമ്പയിന്റെ ഭാഗമായി ചേരിപ്രദേശ ബോധവത്കരണ പദയാത്ര സംഘടിപ്പിച്ചു. ജൂലൈ 29ന് രാവിലെ 11ന് ചെമ്പൂരിലെ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്സ് ക്യാമ്പസിൽ നിന്നാണ് പരിപാടി ആരംഭിച്ചത്. മഹാരാഷ്ട്ര ലോക്ഭവൻ, മഹാരാഷ്ട്ര എൻ.എസ്.എസ് സെൽ, മുംബൈ സർവകലാശാല, എം.സി.ജി.എം, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മ പദയാത്രയ്ക്ക് നേതൃത്വം നൽകി. മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര ഡി. കുൽക്കർണി, സിനിമാതാരങ്ങളായ രാകേഷ് ബേഡി, ശിവ് താക്കറെ, ആസിഫ് ഭാംലെ തുടങ്ങിയ പ്രമുഖരും മുംബൈ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നുള്ള 1,500 ഓളം എൻ.എസ്.എസ് വളണ്ടിയർമാരും ചടങ്ങിലും ക്യാമ്പയിനിലും സജീവമായി പങ്കെടുത്തു.

ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ നേരത്തെയുള്ള രോഗനിർണയത്തിന്റെയും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യം പ്രൊഫ. രവീന്ദ്ര ഡി. കുൽക്കർണി വ്യക്തമാക്കി. ഡൽഹിയിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നടൻ രാകേഷ് ബേഡി, ക്ഷയരോഗത്തെക്കുറിച്ചുള്ള സമൂഹത്തിലെ തെറ്റിദ്ധാരണകൾ ഇങ്ങനെയുള്ള ബോധവത്കരണങ്ങളിലൂടെ മാറ്റാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. യുവജനങ്ങളും വിദ്യാർഥികളും സ്വയം ആരോഗ്യ പരിശോധന നടത്തി ഉടൻ ചികിത്സ ആരംഭിക്കണമെന്നും, കുടുംബാംഗങ്ങളുടെ രോഗനിർണയവും ചികിത്സയും ഉറപ്പാക്കണമെന്നും ശിവ് താക്കറെ വ്യക്തമാക്കി.

വിദ്യാർത്ഥികൾ സ്വയം ബോധവത്കരണം ഉൾക്കൊള്ളുന്നതിനൊപ്പം കുടുംബത്തിലും ചുറ്റുപാടിലും അത് നൽകണമെന്നും ഗവർണർ ജിഷ്ണു ദേവ് വർമ ആഹ്വാനം ചെയ്തു. ക്ഷയരോഗം പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണെന്നും മരുന്നുകൾ ഇന്ത്യയിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളെ മാറ്റിപാർപ്പിച്ചിരുന്ന മുൻകാല സാഹചര്യങ്ങൾ ഇന്നില്ലെന്നും പകർച്ചവ്യാധിയായ ക്ഷയരോഗത്തിനെതിരെ യുവജനങ്ങളും വിദ്യാർത്ഥികളുമാണ് ബോധവത്കരണം നൽകേണ്ടതെന്നും ഗവർണർ തൻറെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ ആദരിച്ചു. തുടർന്ന് എൻ.എസ്.എസ് വളണ്ടിയർമാർക്ക് ബഹു. ഗവർണർ ക്ഷയരോഗ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം വിശിഷ്ട വ്യക്തികളും സിനിമാതാരങ്ങളും എൻ.എസ്.എസ് വളണ്ടിയർമാരും അണിനിരന്ന, ചേരി പ്രദേശത്തേക്കുള്ള ‘ടി ബി മുക്ത മുംബൈ’ ബോധവത്കരണ പദയാത്ര ഗവർണ്ണർ നയിച്ചതായി ശ്രീ നാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി ശ്രീ ഒ.കെ പ്രസാദ് പത്രക്കുറിപ്പിൽ അറിയിച്ചു.





