മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവത്തിനും കൈരളി ബുക്‌സ് ഒരുക്കുന്ന പുസ്തകമേളയ്ക്കും ആഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂർ ആദർശ വിദ്യാലയം വേദിയാകുന്നു. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക, മുംബൈ മലയാളികളുടെ വായനാ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സാഹിത്യ-സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 15-ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് നോവലിസ്റ്റ് ബാലകൃഷ്ണൻ പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. സാഹിത്യസപര്യയിൽ അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ നഗരത്തിലെ എഴുത്തുകാരെ ചടങ്ങിൽ മലയാള ഭാഷാ പ്രചാരണ സംഘം ആദരിക്കും. തുടർന്ന് 4 മണിക്ക് ജി. വിശ്വനാഥന്റെ മോഡറേറ്റർഷിപ്പിൽ നഗരത്തിലെ പ്രശസ്ത കവികൾ അണിനിരക്കുന്ന കവിയരങ്ങ് നടക്കും.
ആഗസ്റ്റ് 16-ന് രാവിലെ 11 മണിക്ക് ഗിരിജാവല്ലഭൻ മോഡറേറ്ററായി കഥയരങ്ങ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക് കണക്കൂർ ആർ. സുരേഷ്കുമാറിന്റെ മോഡറേറ്റർഷിപ്പിൽ “വായനാനുഭവം” സെഷൻ നടക്കും.
വൈകുന്നേരം 3 മണിക്ക് നടക്കുന്ന പതിനഞ്ചാം മലയാളോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വർമ്മ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത നിരൂപകനും ചരിത്രകാരനുമായ സജി അബ്രഹാം വിശിഷ്ടാതിഥിയായിരിക്കും.
ചടങ്ങിൽ മലയാളം മിഷന്റെ നീലക്കുറിഞ്ഞി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും, മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്കൂളുകളിൽ മലയാളം ഒരു വിഷയമായെടുത്ത് ഈ വർഷം എസ്.എസ്.സി. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും കെ.പി.ഇ.എസ്.-ന്റെ സഹകരണത്തോടെ ആദരിക്കും. തുടർന്ന് സംഘടനയുടെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
വൈകീട്ട് 6 മണിക്ക് “പുസ്തക പ്രസിദ്ധീകരണം – എപ്പോൾ? എങ്ങനെ?” എന്ന വിഷയത്തിൽ കൈരളി ബുക്‌സിന്റെ മാർഗ്ഗനിർദ്ദേശത്തോടെ സെമിനാർ നടക്കും. രാത്രി 8 മണിക്ക് മേള സമാപിക്കും.
ഡിസി ബുക്‌സ്, മാതൃഭൂമി, ചിന്ത പബ്ലിഷേഴ്‌സ്, ഗ്രീൻ ബുക്‌സ്, കറന്റ് ബുക്‌സ്, കൈരളി തുടങ്ങി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും മലയാളം പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന വലിയ പുസ്തകശേഖരവും മേളയിൽ ലഭ്യമാണ്.
കവിയരങ്ങ്, കഥയരങ്ങ്, വായനാനുഭവം എന്നീ സെഷനുകളിൽ രചനകളും അനുഭവങ്ങളും അവതരിപ്പിക്കാൻ താല്പര്യമുള്ളവർ 9969278684, 9869443902 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.