ഓഫീസുകളിൽ വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ; നിയമം പാലിക്കാത്ത കമ്പനികൾക്ക് കനത്ത പിഴ

by WhatsUp Mumbai

മുംബൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള ‘പോഷ്’ (POSH – Prevention of Sexual Harassment) നിയമം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ സുപ്രധാന തീരുമാനം. ഓഫീസുകളിലും കമ്പനികളിലും പോഷ് നിയമപ്രകാരമുള്ള ആഭ്യന്തര സമിതികൾ (Internal Committees – IC) കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സംസ്ഥാനവ്യാപകമായി കർശനമായ പരിശോധന നടത്താൻ വനിതാ ശിശുവികസന വകുപ്പ് ഉത്തരവിട്ടു. നിയമം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കടുത്ത പിഴയും ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ-അർദ്ധസർക്കാർ ഓഫീസുകളിലും പരിശോധന നടത്താൻ വലിയൊരു ഉദ്യോഗസ്ഥ ശൃംഖലയെത്തന്നെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർമാർ, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, പ്രൊട്ടക്ഷൻ ഓഫീസർമാർ, പ്രൊബേഷൻ ഓഫീസർമാർ, ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർമാർ, അങ്കണവാടി സൂപ്പർവൈസർമാർ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തുക. പൂനെയിലെ വനിതാ ശിശുവികസന കമ്മീഷണറെയാണ് ഇതിന്റെ സംസ്ഥാന നോഡൽ ഓഫീസറായി നിയമിച്ചിരിക്കുന്നത്. നവമാധ്യമങ്ങളിലും കോർപ്പറേറ്റ് ലോകത്തും വലിയ ചർച്ചയായ ചില പരാതികളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.

പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും പരാതികൾ പരിഹരിക്കാനുള്ള ആഭ്യന്തര സമിതി (IC) നിർബന്ധമായും രൂപീകരിച്ചിരിക്കണം. ഈ സമിതികളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും വനിതാ അംഗങ്ങൾ ഉണ്ടായിരിക്കണം. സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു മുതിർന്ന വനിതാ ജീവനക്കാരിയായിരിക്കണം. കൂടാതെ, സമിതിയിൽ എൻ.ജി.ഒ-കളിൽ നിന്നുള്ള ഒരു ബാഹ്യ അംഗവും ഉണ്ടായിരിക്കണം. സ്ഥാപനങ്ങൾക്ക് കൃത്യമായ പോഷ് പോളിസി ഉണ്ടോ, ജീവനക്കാർക്കായി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടോ, 90 ദിവസത്തിനുള്ളിൽ പരാതികളിൽ അന്വേഷണം പൂർത്തിയാക്കുന്നുണ്ടോ തുടങ്ങിയ 30-ലധികം മാനദണ്ഡങ്ങൾ അടങ്ങിയ പ്രത്യേക ചെക്ക്‌ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും പരിശോധന.

കൂടാതെ, എല്ലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ ‘ഷീ-ബോക്സ്’ (SHe-Box) പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ആഭ്യന്തര സമിതിയുടെ വിവരങ്ങളും വാർഷിക കംപ്ലയൻസ് റിപ്പോർട്ടും ഓൺലൈനായി അപ്‌ലോഡ് ചെയ്യുകയും വേണം. ഓഫീസിലെ നേരിട്ടുള്ള തൊഴിൽ അന്തരീക്ഷത്തിന് പുറമെ റിമോട്ട് വർക്കിംഗ്, വർക്ക് ഫ്രം ഹോം (Work from Home) തുടങ്ങിയ ഡിജിറ്റൽ തൊഴിൽ സാഹചര്യങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. അന്വേഷണ വേളയിൽ പരാതിക്കാരിയുടെയും സാക്ഷികളുടെയും വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

നിയമപരമായ ബാധ്യതകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പോഷ് നിയമത്തിലെ സെക്ഷൻ 26 പ്രകാരം ശക്തമായ പിഴ ചുമത്തും. ആദ്യഘട്ടത്തിൽ 50,000 രൂപ വരെ പിഴ ഈടാക്കാനും, നിയമലംഘനം തുടർന്നാൽ പിഴത്തുക ഇരട്ടിയാക്കാനും സ്ഥാപനങ്ങളുടെ ലൈസൻസോ രജിസ്ട്രേഷനോ റദ്ദാക്കാനും കളക്ടർ ഉൾപ്പെടെയുള്ള ഉന്നതാധികാരികൾക്ക് ശുപാർശ നൽകാൻ പരിശോധനാ സംഘത്തിന് അധികാരമുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

You may also like