ഡോക്ടറേ മർദിച്ച സംഭവം: ഭരണകക്ഷി നേതാവിനോട് പോലീസിന് ‘പ്രത്യേക ബഹുമാനം’; അന്വേഷണം ഡി.സി.പിക്ക് വിട്ട് മുംബൈ ഹൈക്കോടതി

by WhatsUp Mumbai

മുംബൈ: കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷൻ (KDMC) കോർപ്പറേറ്ററും ശിവസേനാ നേതാവുമായ രമേഷ് മ്ഹാത്രേയും കൂട്ടാളികളും ആശുപത്രി ജീവനക്കാരെ ആക്രമിച്ച കേസിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. പ്രതിയായ ജനപ്രതിനിധിയോട് പോലീസ് “അപൂർവ്വമായ ബഹുമാനം” കാണിച്ചുവെന്ന് നിരീക്ഷിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.വി. ഘൂഗെ, ജസ്റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങിയ ബെഞ്ച്, അന്വേഷണം കല്യാൺ സോൺ-3 ഡി.സി.പിക്ക് കൈമാറാൻ ഉത്തരവിട്ടു.

ജൂലൈ 6-ന് ഡോംബിവ്ലി ശാസ്ത്രി നഗർ മുനിസിപ്പൽ ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയുമാണ് രമേഷ് മ്ഹാത്രേയുടെ നേതൃത്വത്തിൽ ആക്രമിച്ചത്. അറസ്റ്റിലായ മ്ഹാത്രേയ്ക്ക് രക്തസമ്മർദ്ദം ഉയർന്നുവെന്ന കാരണത്താൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കാൻ പോലീസ് നീക്കം നടത്തിയതിനെയും കോടതി വിമർശിച്ചു.

മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് ജൂലൈ 19-ന് മ്ഹാത്രേ കീഴടങ്ങുകയായിരുന്നു. കേസിൽ മറ്റ് പ്രതികളായ രമേഷ് പവാർ, പ്രമോദ് നികാം, അക്ഷയ് കരണ്ടെ എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിച്ച കോടതി, സി.സി.ടി.വി ദൃശ്യങ്ങൾ ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പരാതിക്കാരനായ ഡോക്ടർക്ക് പോലീസ് സംരക്ഷണം നൽകാനും അന്വേഷണ പുരോഗതി റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

You may also like