വിവാഹത്തെച്ചൊല്ലി തർക്കം; സർപഞ്ചിനെ കൊന്ന് മൃതദേഹവുമായി 350 കി.മീറ്ററോളം യാത്ര; കാമുകൻ ഭീവണ്ടിയിൽ പിടിയിൽ

by WhatsUp Mumbai

താനെ : വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് കോൽഹാപ്പൂർ ഷിർഗാവ് ഗ്രാമപഞ്ചായത്ത് സർപഞ്ച് സുരേഖ ന്യാരെയെ (40) കാമുകൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം കാറിന്റെ ബൂട്ടിലാക്കി 350 കിലോമീറ്റർ ദൂരം ഓടിച്ച് ഭീവണ്ടിയിലെത്തിച്ച് ഉപേക്ഷിക്കാൻ ശ്രമിക്കവേ പ്രതിയായ പ്രകാശ് പാട്ടീലിനെ (40) പോലീസ് പിടികൂടി.

വിവാഹിതരായ ഇരുവരും പ്രണയത്തിലായിരുന്നു. ഒന്നിച്ചുജീവിക്കണമെന്ന സുരേഖയുടെ ആവശ്യവും മറ്റ് സംശയങ്ങളുമാണ് തർക്കത്തിന് കാരണമായത്. ഞായറാഴ്ച ഫാമിലേക്ക് വിളിച്ചുവരുത്തിയാണ് സുരേഖയെ പ്രകാശ് കൊലപ്പെടുത്തിയത്.

മൃതദേഹവുമായി കാറോടിച്ച് ഭീവണ്ടിയിലെ ബന്ധുവീട്ടിലെത്തിയ പ്രകാശിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാർപോളി പോലീസ് കാർ പരിശോധിച്ച് മൃതദേഹം കണ്ടെത്തുകയും സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് കൊൽഹാപ്പൂർ പോലീസിന് കൈമാറുകയും ചെയ്തു.

You may also like