മുംബൈ: ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് നേരെ ക്രൂരമായ ആക്രമണം. സഹയാത്രികരായ സംഘം കത്തികൊണ്ട് യുവാവിന്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മസ്ജിദ് ബന്ദർ സ്വദേശി സതീഷ് കുമാർ പഥക് (26) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കർജത് റെയിൽവേ പൊലീസ്, 12 മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
നേരൾ സ്വദേശി ഇബ്രാൻ ഇദ്രിസ് അൻസാരി (18), ഷേലു സ്വദേശി കരൺ കൻഹയ്യലാൽ അഗർവാൾ (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 6.30-ഓടെ സി.എസ്.എം.ടി – ഖൊപ്പോലി ലോക്കൽ ട്രെയിനിലെ ലഗേജ് കംപാർട്ട്മെന്റിൽ വെച്ചായിരുന്നു ആക്രമണം. വാങ്കനി റെയിൽവേ സ്റ്റേഷൻ പിന്നിട്ടതോടെയാണ് സീറ്റിനെച്ചൊല്ലി സതീഷ് കുമാറും ഒരു സംഘം യുവാക്കളും തമ്മിൽ തർക്കമുണ്ടായത്.
തർക്കം രൂക്ഷമായതോടെ പ്രതികൾ യുവാവിനെ മർദിക്കുകയും, തുടർന്ന് അക്രമിസംഘത്തിലൊരാൾ കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് സതീഷ് കുമാറിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കർജത് റെയിൽവേ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ ഉൾപ്പെട്ട മൂന്നാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.