ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന വേദിയിൽ ചുവടുവെക്കുന്ന ഫിഫയുടെ ഔദ്യോഗിക ആൽബത്തിലെ ‘സീർ സീർ’ (Siir Siir) എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് രജിത് ദേവ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ മലയാളിയുമാണ് അദ്ദേഹം. മുംബൈയിൽ ജനിച്ച് വളർന്ന, ഷൊർണ്ണൂർ സ്വദേശിയായ രജിത് സഹോദരിക്ക് കൂട്ടിനായി പോയ നൃത്തക്ലാസിൽ നിന്നാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ഭരതനാട്യം നൽകിയ ഭാവങ്ങളുടെ കരുത്തും, തന്റെ ഏറ്റവും വലിയ പ്രോത്സാഹനവും പ്രചോദനവുമായിരുന്ന പിതാവ് സി. ടി. ഈശ്വർദാസ് ജോലിയിൽ നിന്ന് ലീവെടുത്തു നൽകിയ വലിയ പിന്തുണയുമാണ് തന്നെ ഈ ആഗോള വേദിയിലെത്തിച്ചതെന്ന് രജിത് ഓർക്കുന്നു. ലോകകപ്പ് വേദിയിലെ ചരിത്രനേട്ടത്തിന്റെ പശ്ചാത്തലത്തിൽ രജിത് ദേവുമായി നടത്തുന്ന പ്രത്യേക അഭിമുഖം താഴെ വായിക്കാം.
ഹണി വി ജി
ഔദ്യോഗിക ഫിഫ (FIFA) ലോകകപ്പ് ആൽബവുമായി സഹകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ കൊറിയോഗ്രാഫർ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ എന്ത് തോന്നുന്നു?
ഒരു ഫിഫ ലോകകപ്പ് ഗാനവുമായി സഹകരിക്കാൻ കഴിഞ്ഞത് തികച്ചും അവിശ്വസനീയമായ ഒരു അനുഭവമായാണ് തോന്നുന്നത്. ഒരു നർത്തകനായി തുടങ്ങി ഇപ്പോൾ കൊറിയോഗ്രാഫറും സംവിധായകനുമായി വളർന്ന എന്റെ ഈ യാത്രയിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ കൊറിയോഗ്രാഫർ ആവുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. കഴിഞ്ഞ 20 വർഷമായി എന്റെ കലയോട് ഞാൻ കാണിച്ച കഠിനാധ്വാനത്തിനുള്ള ഫലമായാണ് ഞാൻ ഇതിനെ കാണുന്നത്.

സീർ സീർ’ (Siir Siir) എന്ന ഗാനം എങ്ങനെയാണ് സംഭവിച്ചത്? അതിന്റെ കൊറിയോഗ്രാഫിക്ക് പിന്നിലെ പ്രധാന പ്രചോദനം എന്തായിരുന്നു?
നോറ (Nora Fatehi) ആണ് ഈ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ എന്നെ സമീപിക്കുന്നത്. ഞാൻ നോറയ്ക്ക് വേണ്ടി ഇതിനുമുമ്പും നിരവധി ഗാനങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്; ഞങ്ങൾ ഒരുമിച്ച് ലോകമെമ്പാടുമുള്ള വിവിധ മ്യൂസിക് വീഡിയോകളിലും വമ്പൻ സ്റ്റേജ് ഷോകളിലുമായി കഴിഞ്ഞ 10 വർഷത്തിലേറെയായി സഹകരിച്ചു വരികയാണ്. ഇന്ത്യയിൽ നിന്നുള്ള നർത്തകരെ ഇതിൽ ഉൾപ്പെടുത്തണമെന്നും, അത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാക്കണമെന്നതുമായിരുന്നു എന്റെ പ്രധാന പ്രചോദനം. അതുകൊണ്ട് എന്റെ ടീമായ ‘RDX’-നും ഇന്ത്യയിലെ എല്ലാ നർത്തകർക്കും ഞാൻ നന്ദി പറയുന്നു. അവരാണ് എന്റെ പ്രചോദനം.

സഹോദരിയുടെ നൃത്ത ക്ലാസിലേക്ക് വെറുമൊരു കൂട്ടിനായി പോയാണ് താങ്കൾ തുടക്കമിട്ടത്; ആ അപ്രതീക്ഷിത പ്രവേശം എങ്ങനെയാണ് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു വലിയ അഭിനിവേശമായി മാറിയത്?
അതെ, സഹോദരിയുടെ കൂടെ ഭരതനാട്യം ക്ലാസിൽ പോകാൻ തുടങ്ങിയതോടെയാണ് ഇതെല്ലാം ആരംഭിക്കുന്നത്. എനിക്കതിൽ വലിയ താല്പര്യം തോന്നുകയും ഡോംബിവ്‌ലിയിലെ ശോഭ ടീച്ചറുടെയും ചന്ദ്രൻ സാറിന്റെയും കീഴിൽ രണ്ടു വർഷത്തോളം ഞാൻ അത് പഠിക്കുകയും ചെയ്തു. പിന്നീട് ടിവിയിൽ പ്രഭുദേവയെയും മൈക്കൽ ജാക്സനെയും കണ്ടതോടെ എന്റെ താല്പര്യം പാശ്ചാത്യ നൃത്ത രൂപങ്ങളിലേക്ക് (Western Dance) തിരിഞ്ഞു. അങ്ങനെ ഞാൻ പുതിയ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരുന്നു.
ഭരതനാട്യത്തിലെ താങ്കളുടെ ഔപചാരികമായ പരിശീലനം, ലോകകപ്പ് പോലുള്ള ഒരു ആഗോള വേദിക്കായി നൃത്തസംവിധാനം നിർവ്വഹിക്കുന്നതിൽ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
ക്ലാസിക്കൽ നൃത്തത്തിന്റെ ഒരു അടിസ്ഥാനം ഉണ്ടാകുന്നത് ഞാൻ കൊറിയോഗ്രാഫി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എപ്പോഴും സഹായകരമാകാറുണ്ട്. നൃത്തത്തിലെ ഭാവങ്ങൾ കാലക്രമേണ ഞാൻ പഠിച്ചെടുത്ത ഒന്നാണ്. ഈ ഒരു കൊറിയോഗ്രാഫിയിൽ എന്റെ പ്രധാന ശ്രദ്ധ വേഗതയേറിയ കാൽചുവടുകളിലും (Footwork), ഒരുപാട് ഭാവങ്ങൾ നിറഞ്ഞ ഉയർന്ന ഊർജ്ജസ്വലതയുള്ള (High energy) നൃത്തച്ചുവടുകളിലുമായിരുന്നു.
റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ടല്ലോ,ഏതൊക്കെ ഷോകളിലാണ് ഭാഗമായിട്ടുള്ളത്? ആ ഒരു അനുഭവത്തെക്കുറിച്ച് പറയാമോ?”
സ്റ്റാർ പ്ലസിലെ (Star Plus) ‘ജസ്റ്റ് ഡാൻസ്’ (Just Dance) എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. അത് വളരെ അത്ഭുതകരമായ ഒരു അനുഭവമായിരുന്നു; അവിടെ നിന്നാണ് ഒരു അസിസ്റ്റന്റ് കൊറിയോഗ്രാഫർ എന്ന നിലയിലുള്ള എന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് മൂന്ന് വർഷത്തോളം ‘ഝലക് ദിഖ്‌ലാ ജാ’ (Jhalak Dikhhla Jaa – ഡാൻസിങ് വിത്ത് ദി സ്റ്റാർസ്) എന്ന ഷോയും ചെയ്തു. ഒരു കലാകാരനൊപ്പം/കലാകാരിക്കൊപ്പം കൊറിയോഗ്രാഫറും നൃത്തം ചെയ്യുക എന്നതായിരുന്നു ആ ഷോയുടെ ആശയം എന്നതുകൊണ്ട് തന്നെ അതൊരു മികച്ച അനുഭവമായിരുന്നു.
താങ്കളെ പിന്തുണയ്ക്കാനായി പിതാവ് ജോലിയിൽ നിന്ന് വരെ ലീവ് എടുക്കുമായിരുന്നു; ഈ യാത്രയിൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു?
എന്റെ പിതാവ് സി. ടി. ഈശ്വരദാസിന്റെയും അമ്മ ശ്രീദേവിയുടെയും പിന്തുണയില്ലാതെ എന്റെ ഈ യാത്ര ഒരിക്കലും സാധ്യമാകുമായിരുന്നില്ല. എല്ലാ നൃത്ത മത്സരങ്ങളിലും അദ്ദേഹം എന്നെ നേരിട്ട് കൊണ്ടുപോകുമായിരുന്നു. എനിക്ക് അദ്ദേഹത്തോട് അളവറ്റ സ്നേഹവും ബഹുമാനവുമുണ്ട്.