40
മുംബൈ: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എഫ്ഐആറും കരുതൽ തടങ്കൽ നോട്ടീസുകളും നേരിടുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കും സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തിയതിന് ഭരണകൂടവും പൊലീസും അന്യായമായി ലക്ഷ്യമിടുന്നവർക്കായി പാർട്ടി സൗജന്യ നിയമസഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിയമസഹായം ആവശ്യമുള്ളവർ legalcell.ssubt@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ‘എക്സി’ലൂടെ (X) അദ്ദേഹം വ്യക്തമാക്കി. നീറ്റ് ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ആദിത്യ താക്കറെ, അനീതിക്കെതിരെ പോരാടുന്നവർക്കൊപ്പം തന്റെ പാർട്ടി ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.