മണങ്ങൾ ഓർമ്മകളാകുന്ന ഒരു ഉത്സവം — വിഷു.
ഒരു ഉത്സവമല്ല അത്; മണങ്ങളിലും ഓർമ്മകളിലും ജീവിക്കുന്ന ബാല്യത്തിന്റെ ഒരു കാലഘട്ടം.പാലക്കാട്ടിൻ്റെ മണ്ണിലും നിലമ്പൂരിൻ്റെ പുഴയിലും വളർന്ന ആ സന്തോഷം, മുംബൈയുടെ കോൺക്രീറ്റിനുള്ളിലും കൊന്നപ്പൂ പോലെ വീണ്ടും പൂക്കുന്നു — ആ യാത്രയാണ് ഈ കുറിപ്പ് തുറന്നു വയ്ക്കുന്നത്.
ശീതൾ ബാലകൃഷ്ണൻ
(എഴുത്തുകാരി മുംബൈ )
വിഷുവിന് ഒരു പ്രത്യേക മണമാണ്. കൊന്നപ്പൂവിൻ്റേയും കുടമുല്ലപ്പൂവിൻ്റേയുമൊന്നുമല്ല. കമ്പിപ്പൂത്തിരി കത്തി ത്തീരുമ്പോഴുള്ള മണം.
ഭയമില്ലാതെ ഓലപ്പടക്കം ആകാശത്തു എറിഞ്ഞു പൊട്ടുമ്പോഴുള്ള മണം.

പെൺകുട്ടികൾക്ക് മത്താപ്പും പൂത്തിരിയും ആൺകുട്ടികൾക്ക് ഓലപ്പടക്കവും ഗുണ്ടും എന്ന പരമ്പരാഗതമായ വിശ്വാസങ്ങളെയാണ് എൻ്റെ അച്ഛൻ പൊളിക്കാനാവശ്യപ്പെട്ടത്.

പടക്കത്തിൻ്റെ ജെൻ്റർ. അച്ഛൻ എനിക്കും അനിയത്തിക്കുമായി ഒരു സഞ്ചി നിറയെ പടക്കങ്ങളും താരതമ്യേന ഫെമിനൈൻ എന്ന് വിശ്വസിക്കുന്ന മത്താപ്പൂത്തിരികളും വാങ്ങി വരും. രണ്ടു പെൺകുട്ടികളാണ് വഷളാക്കിക്കോ എന്ന ക്ലീഷേ ഡയലോഗ് പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളുടെ യാഥാസ്ഥിതിക മനസ്സിലേക്ക് ഒരു ഗുണ്ടെറിഞ്ഞ് അമ്മ പെൺപടയുടെ മരുന്ന പണി കാണാൻ കാലിൻ്റെമേൽ കാൽ വെച്ച് കാത്തിരിക്കും.
വിഷുത്തലേന്നും വിഷു പുലർച്ചക്കും പിന്നെ വെടിക്കെട്ടാണ്. അച്ഛൻ ഒരു പാത്രത്തിൽ വെള്ളവുമായി കത്തിത്തീർന്ന കമ്പിപ്പൂത്തിരിയിൽ വെള്ളമൊഴിക്കും. മൂക്കിൽ കുത്തി കയറുന്ന ഒരു മണമുണ്ട്.
കുട്ടികൾക്ക് വിഷുവിനെ പോലെ ഇത്ര മനോഹരമായ പശ്ചാത്തലമൊരുക്കുന്ന ഉത്സവമുണ്ടോ.
കൊയ്ത്താഴിഞ്ഞ പാടങ്ങൾ. കളിമണ്ണ് കൊണ്ട് മെഴുകിയ മുറ്റങ്ങൾ. പേന് പെരുത്ത ഭ്രാന്തിയുടെ മുടിപോലെ മാവുകൾ നിറയെ മാമ്പഴങ്ങൾ. മണം കൊണ്ട് മാത്രം മയക്കുന്ന ചക്കപ്പഴത്തിൻ്റെ സ്വാദ്. പാഠപുസ്തകത്തിൻ്റെ മണമില്ലാത്ത രാവുകൾ. വൈകിയെഴുന്നേൽക്കുന്ന പ്രഭാതങ്ങൾ. നാല് പേർ അള്ളിപ്പിടിച്ചിരുന്ന് അച്ഛൻ്റെ ഇൻഡു സുസുക്കിയിൽ സെക്കൻ ഷോക്കായുള്ള യാത്ര. പിന്നെ കൈനീട്ടത്തിൻ്റെ കണക്കുകൾ.

ഒരു രാത്രി ഉറങ്ങുമ്പോൾ തൊടിയിൽ ചക്ക മോഷ്ടിക്കാൻ ആരോ വരുന്നത് പോലെ തോന്നി. അച്ഛനെ പതുക്കെ തോണ്ടി വിളിച്ചു.
ഞാനെന്തങ്കിലും പറയും മുമ്പ് അച്ഛൻ പറഞ്ഞു. “പാവം കൊണ്ടു പോട്ടെ, വഴിയില്ലാഞ്ഞിട്ടല്ലേ! “
ധീരനായ അച്ഛൻ ഭീരുവായി മാറിയതിൻ്റെ അർത്ഥം അന്നറിഞ്ഞില്ല.
“വിത്തും കൈക്കോട്ടും”
“ചക്കക്കുപ്പുണ്ടോ?”
“ഒക്കെ തെക്കോട്ട്”
“അച്ഛന് കൊമ്പത്ത്, അമ്മ വരമ്പത്ത്”
“കള്ളന് ചക്കേട്ടു, കണ്ടാ മിണ്ടണ്ട, കൊണ്ടോയി തിന്നോട്ടെ”
ഈ വരികളുടെ അർത്ഥവും അച്ഛൻ്റെ മനസ്സും പിന്നീടെപ്പോഴോ ആണ് അറിഞ്ഞത്.
കള്ളൻ ചക്ക മോഷ്ടിക്കാൻ വരണമെങ്കിൽ അയാളൊരു പട്ടിണിക്കാരനായിരിക്കണം! അങ്ങിനെയുള്ളവരോട് ക്ഷമിക്കാനുള്ള സന്മനസ്സ് അന്നത്തെ സമൂഹം കാണിച്ചിരിരുന്നുവെന്ന് ഈ വായ്ത്താരി സൂചിപ്പിക്കുന്നു പിന്നീടാണ് വായിച്ചറിഞ്ഞത്.
പ്ലാവുള്ള സ്വന്തം വീട്ടിലെ വിഷു ആഘോഷത്തെ പോലെ തന്നെ നിറവാർന്നതാണ് അമ്മയുടെ വീട്ടിലെ ആഘോഷം.
എന്റെ ഓർമകളിലെ വേനലവധി പരീക്ഷപിറ്റെന്നു അമ്മവീട്ടിലേക്കു കൂട്ടികൊണ്ടുപോവാൻ വരുന്ന മാമന്റെ വരവോടു കൂടി തുടങ്ങുന്നു.
പാലക്കാട്ടെ അച്ഛൻവീട്ടിൽ നിന്ന് രാവിലെ തുടങ്ങുന്ന യാത്ര അങ്ങ് ദൂരെ മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക്.
മൂന്നു ബസ് മാറി മാറി കയറുമ്പോൾ പലപ്പോഴും മാറി മാറി വരുന്ന ആളുകളുടെ മടുപ്പിക്കുന്ന ഗന്ധം എന്റെ യാത്രകളെ അതികഠിനമാക്കിയിരുന്നു.
പെരിന്തൽമണ്ണയിൽ നിന്നും കേറുന്ന ഉമ്മച്ചികുട്ടികളുടെ സൗന്ദര്യം അവരുടെ വസ്ത്രത്തിൽ നിന്നും തുളച്ചു കേറി വരുന്ന രൂക്ഷമായ ഗൾഫ് അത്തർ ഗന്ധത്തിനു മുന്നിൽ തോറ്റു നിൽക്കും.
പാതിപൊങ്ങാത്ത മിഴികളുമായി തികട്ടി വരുന്ന ശർദ്ദില് പണിപ്പെട്ട് ഒതുക്കി നിർത്തിയിരുന്ന ഞാൻ ഈ രൂക്ഷ ഗന്ധത്തിനു അടിപ്പെട്ട് മതിയാവോളം ശർദ്ദിക്കും.
ഒറ്റ പെങ്ങളുടെ മോളാണല്ലോ എന്നോർത്ത് തികട്ടിവരുന്ന ദേഷ്യത്തെ മാമന്മാർ പണിപ്പെട്ടു ഒതുക്കും.
അവസാന ബസ് യാത്രക്കൊടുവിൽ ചാലിയാറിലൂടെ രാത്രിയുടെ തുടക്കത്തിൽ ഒരു തോണിയാത്ര.
ഇരുട്ടിൽ തോണിക്കാരനും അവന്റെ പങ്കായവും എന്റെ ദൈവം ആവുന്നത് ഞാനറിഞ്ഞു.
പിന്നെ പിന്നെ പുഴയും ഞാനും.
തോണി അക്കരെ എത്തുമ്പോഴേക്കും വീണ്ടും കടവിൽ പുഴകടക്കാനുള്ള ആളുകളുടെ ഒഹൊയ് വിളികൾ മുഴങ്ങുന്നുണ്ടാവും.
നിബീഡ വനാന്തരങ്ങൾ തുടങ്ങുന്നതിനു മുൻപ് ഇടതൂർന്ന റബ്ബർ എസ്റ്റേറ്റുകൾക്കു നടുവിലൂടെ ഉള്ള ചെമ്മൺപാതയിലൂടെ ഒരു ജീപ്പ് യാത്ര.
എന്റെ സ്വർഗത്തിലേക്ക് എത്തുകയായി.
നീണ്ട യാത്രയുടെ ക്ഷീണം മുഴുവൻ ”മാളേ ….പാലക്കാട്ടുകാരി എത്ത്യാ ” …ന്നൊരു ചോദ്യത്തിലൂടെ പൊതിയുന്ന അമ്മമ്മയുടെ ഉമ്മകളിൽ അലിഞ്ഞു തീരുന്നു.
മുറുക്കിന്റെ മണവും അമ്മമ്മയുടെ നനുത്ത തൊലിയുടെ മണവും ഇഴചേർന്ന ഗന്ധമുള്ള ഉമ്മ.
ദൂരെ നാട്ടിലെ വിരുന്നുകാരികുട്ടി അവിടെ എന്നും വേണ്ടപെട്ടവളായിരുന്നു.
അമ്മാവന്മാരുടെ ആദ്യത്തെ അനന്തിരവൾ.
ചുറ്റിനും ബന്ധുവീടുകളും അവിടെ നിറയെ അമ്മാവന്മാർ അമ്മായിമാർ അപ്പൂപ്പന്മാർ അമ്മൂമ്മമാർ കുട്ടികൾ.
വീടുകളിൽ നിന്നും വീടുകളിലേക്ക്.
ഒടുവിൽ കളിച്ചു തിമർത്തു ക്ഷീണിക്കുമ്പോൾ തുടങ്ങും
പാതിരാത്രിയോളം നീളുന്നു കാക്കത്തൊള്ളായിരം ബഡായികഥകളുമായി ഉണ്ണിമാമൻ.
പാതിരാത്രിക്ക് നേരെ കാട്ടുകൊമ്പന്റെ മുന്നിൽ ചെന്ന് നിന്ന് വെല്ലിവിളിച്ചു പ്രകോപിപ്പിച്ചു വെട്ടിച്ചു ഓടി രക്ഷപെടാൻ പ്രേരിപ്പിക്കുന്ന അസ്സൽ ബഡായി ത്രില്ലർ.
ഉണ്ണിമാമന്റെ വീട്ടിലെ ഗസ്റ്റ് റൂമിന്റെ ഷെൽഫിൽ ‘മ ‘ പ്രസിദ്ധീകരണങ്ങളിൽ വായനയുടെ വേറൊരു രസച്ചരട് നുകർന്നത്.
ബാറ്റൺബോസിന്റെ നോവലിലെ മദാലസ സുന്ദരിയുടെ ബ്ലൗസിന്റെ വരകളും മാത്യു മറ്റത്തിന്റെ നോവലിലെ ഹൈറേഞ്ച് പശ്ചാത്തലത്തിലെ പ്രണയവും ഫലിത ബിന്ദുക്കളും പുഴയിലെ തണുപ്പുമായി നടക്കുന്നതിനിടയ്ക്ക് വിഷു വരും.
എന്റെ അമ്മക്ക് കിട്ടിയ വിഷുക്കണിയാണ് ഞാൻ.
അതുകൊണ്ടു തന്നെ പിറന്നാൾ ദിനം കൂടിയാണ് വിഷുദിനം.
ഏഴു അമ്മാവന്മാരും വിഷുത്തലേന്നു പടക്കങ്ങളും ഗുണ്ടും അമിട്ടും മത്താപ്പും പൂത്തിരീം കമ്പിത്തിരീം വിഷുച്ചക്രോം കൊണ്ട് നാര് കൊണ്ട് മെടഞ്ഞ കൊട്ട നിറയ്ക്കും.
ഞങ്ങൾ കുട്ടി ഗാങ്ങിന്റെ തലതൊട്ടപ്പൻ ഗാങ് ലീഡർ ഉണ്ണിമാമൻ പുലർച്ചെ ഉണര്ന്നു കണികണ്ടതിന് ശേഷം പടക്കത്തിന് തിരികൊളുത്തും.
രാത്രിയിൽ റബർ മരത്തിന്റെ ചില്ലകൾ പ്രേതങ്ങളെ ഓർമിപ്പിച്ചു നിശ്ചലം നിൽക്കുമ്പോൾ അവരെ വെള്ളി വെളിച്ചത്തിൽ അനാവൃതമാക്കി കൊണ്ട് ഗുണ്ടും അമിട്ടും റോക്കറ്റും ആകാശത്തെ പ്രകാശമാനാമാക്കും.
ഒടുവിൽ എല്ലാ വെളിച്ചങ്ങളും കൺചിമ്മുന്ന വേളയിൽ ബാക്കിയാവുന്ന മത്താപ്പ് പിറ്റേന്നത്തെ രാത്രിക്കായ് കാത്തുവെച്ചു ഞങ്ങൾ കൈനീട്ടത്തിനായി മത്സരിക്കും.
ബാങ്കിൽ ജോലിയുള്ള അമ്മാവന്റെ കയ്യിൽ നിന്ന് നൂറ് ഇതളുകളുള്ള
ഒറ്റരൂപയുടെ പുത്തൻ നോട്ടുകെട്ട്.
അത് കയ്യിൽ വാങ്ങുമ്പോൾ ഈ ലോകത്തിനെ വിലക്ക് വാങ്ങാനുള്ള ധനം ഒറ്റയടിക്ക് കയ്യിൽ കിട്ടിയ പോലത്തെ സന്തോഷമാണ്.
ഓടിനടന്നു കൈനീട്ടം വാങ്ങി തിരിച്ചു നാട്ടിലേക്ക് പോവാൻ ആവുമ്പോഴേക്കും ആയിരം രൂപയോളം സമ്പാദ്യം ആയിട്ടുണ്ടാവും.
നാട്ടിലെ അച്ഛമ്മയുടെ അടുത്താണ് ഇതെല്ലാം സൂക്ഷിച്ചു വെക്കാൻ ഏൽപ്പിക്കാറ്.
എന്റെ സമ്പാദ്യ ശീലം തുടങ്ങിയത് അവിടെ നിന്നാണ്.
അച്ഛമ്മ എനിക്കായി ബാങ്ക് അക്കൗണ്ട് തുടങ്ങി തന്ന് എന്റെ പൈസ മുഴുവൻ അതിൽ നിക്ഷേപിച്ചു പോന്നു.
അടുത്ത വേനലവധിവരേയ്ക്കും കുട്ടികൾ തമ്മിലുള്ള സൗഹൃദം കത്തുകളിലൂടെ അനുസ്യൂതം തുടർന്ന് കൊണ്ടേയിരിക്കും.
അപ്പൂപ്പന്റെ റം ബോട്ടിലിന്റെ അടിയിൽ ബാക്കിയായ മദ്യം കുപ്പിയുടെ അടപ്പിലൊഴിച്ചു കുട്ടിപ്പട്ടാളം അകത്താക്കിയതിന്റെ ഓർമകളും വിഷുവിനെ ധന്യമാക്കുന്നുണ്ട്.
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അമ്മവീടും, വീടിനരികിലെ മലയിൽ നിന്നും ഒഴുകിവരുന്ന കാട്ടാറിന്റെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യവും ഒക്കെ പതിയെ ഓർമകളിൽ മാത്രമായി.
കാലങ്ങൾ കഴിഞ്ഞപ്പോഴും തൊലികളെ ഇക്കിളിപ്പെടുത്തുന്ന തണുപ്പുള്ള സ്ഫടികസമാനമായ വെള്ളത്തിന്റെ മണം മൂക്കിലേക്ക് തുളച്ചുകേറുന്നു.
അമ്മവീട്ടിലെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം കുളികഴിഞ്ഞു പോവുന്ന വഴികളെ ഉന്മാദിയാക്കുന്നത് ഇന്നലെ കണ്ടപോലെ .
പിന്നീട് കല്യാണം കഴിഞ്ഞു മുംബൈയിലേക്ക് ചേക്കേറിയപ്പോൾ ‘വിഷുക്കണി’ തലേന്ന് തന്നെ ഒരുക്കി വെയ്ക്കാനുള്ള ചുമതല മുഴുവൻ എനിക്കായി.
കൊന്നപ്പൂവിന്റെ നിറമെങ്കിലും വിഷുക്കണിയുടെ കൂടെ വേണം എന്നാഗ്രഹിക്കുമ്പോൾ വാടി മയങ്ങി ഓജസ്സ് നഷ്ടപെട്ട കണിക്കൊന്നയുടെ ഒരു കമ്പ് പ്ലാസ്റ്റിക് പാക്കറ്റുകളിൽ വീർപ്പുമുട്ടി ചത്തത് വേദനയോടെ ഫ്ലാറ്റിലിരുന്ന് കണ്ടു.
തൊട്ടാൽ പൊള്ളുന്ന വില കാണുമ്പോൾ കൺനിറയെ വെക്കാൻ ഉള്ള ഫലമൂലാദികൾ നേർപകുതിയാക്കി ചുരുക്കും.

പിറ്റേന്ന് അതികാലെ ഭർത്താവ് വിഷുക്കണിക്ക് മുന്നിൽ വിളക്ക് വെച്ച് ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചു കണ്ണുപൊത്തിപ്പിടിച്ചു കണിക്കു മുന്നിൽ നിർത്തുമ്പോൾ അറിയാതെപോലും വിളക്കിനു മുന്നിലെ കൃഷ്ണനെയല്ലാതെ വേറെ ഒരാളെയും കണ്ണ് തുറന്നു കാണാൻ പാടില്ലെന്ന ബാല്യത്തിലെ പേടി കൂട്ടിനുണ്ടാവും.
‘വിഷുവിന്റെ അന്ന് വിശക്കരുത് ‘എന്ന പ്രമാണം നടപ്പിലാക്കാൻ അമ്മ ചെമ്പു നിറയെ പലഹാരങ്ങൾ നിറച്ചു വെക്കുമായിരുന്നു.
ഇന്ന് അമ്മ ചുട്ട നെയ്യപ്പത്തിന്റെ ഗന്ധത്തിന്റെ ഓർമകളിലും ,തൊടിയിലെ ചക്കയുടെയും മാങ്ങയുടെയും ഗന്ധത്തിന്റെ ഓർമകളിലും എന്റെ വിഷുക്കാല ഓർമ്മകൾ അലിഞ്ഞു ചേരുന്നു.
പുഴയെ കുറച്ച് ഇന്നും ചോദിക്കും.
അതിന്റെ മേടമാസ തണുപ്പിനെ കുറിച്ചും.
ആരോ പറഞ്ഞു ഇന്ന് എന്റെ പുഴ തളർന്നു വരണ്ട്, ഉയർന്നു നിൽക്കുന്ന പുൽക്കാടുകൾ വിഴുങ്ങിയ ഇടമാണെന്ന്.
എന്റെ കാൽപാദങ്ങൾ പതിഞ്ഞ… ചരൽമണ്ണ് നിറഞ്ഞ, പുഴയിലേക്ക് നീളുന്ന ഇടവഴി തറവാട്ടിലെ ഭാഗം വെയ്ക്കലുകളിൽ പെട്ട് മാഞ്ഞു പോയി.
എങ്ങിനെയാണ് ഞാൻ എന്റെ മകന് വിഷുവിനെ കൊടുക്കുക.
എങ്ങിനെയാണ് എന്റെ പുഴയെ കൊടുക്കുക.
എന്റെ പുഴയുടെ തണുപ്പ് കൊടുക്കുക.
ഒരു പിടി വാടാത്ത കൊന്നപ്പൂക്കൾ കൊടുക്കുക.
മരിച്ച പുഴകൾ.
നരച്ച ഓർമ്മകൾ.
പക്ഷെ വിട്ടു കൊടുക്കാൻ കഴിയില്ലല്ലോ.
പോകണം.
കണിവെള്ളരി വാങ്ങണം.
കണിയൊരുക്കണം.
ഉന്തി തള്ളി ഗിയറില്ലാത്ത സ്ക്കൂട്ടർ സ്റ്റാർട്ടാക്കി.
ഓടിച്ച് പഠിച്ച് അധികം നാളായില്ല.
മലയാളിക്കടയിൽ പോകണം.
ആടിയുലഞ്ഞ് വണ്ടിയിൽ നീങ്ങുമ്പോൾ ആ കാഴ്ച്ച കണ്ടു.
പൂത്തുലഞ്ഞ് നിൽക്കുന്ന കൊന്ന.
വെയിൽപ്പൂക്കളെ തോൽപ്പിക്കുന്ന പ്രഭയിൽ കൊന്നപ്പൂക്കൾ.
നാട് വിട്ട് അന്യ നാട്ടിൽ, മുംബൈയിൽ, ഒരു കൊന്നമരം.
ഞാൻ വണ്ടിയൊതുക്കി നിർത്തി.
പിന്നെ കൊന്നമരത്തിൽ ചേർന്ന് നിന്നു.
മനസ്സിൽ മെലിഞ്ഞ ഒരു പുഴയ്ക്ക് കനം വെയ്ക്കുകയയിരുന്നു.