രാഷ്ട്രീയ കടന്നുകയറ്റം അവസാനിപ്പിക്കുക, മലയാളം മിഷൻ പ്രവർത്തനം സുതാര്യമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം

by WhatsUp Mumbai

മുംബൈ: പ്രവാസി മലയാളികളുടെ മക്കൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന ‘മലയാളം മിഷൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തം കുമാറാണ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാളം മിഷനെ സിപിഎമ്മിന്റെ ആശയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. മുൻകാലങ്ങളിൽ മറുനാടുകളിലെ മലയാളി സമാജങ്ങളെ പാർട്ടി വേദികളാക്കി സിപിഎം രാഷ്ട്രീയം കളിച്ചതിന്റെ ഫലമായി പല പ്രമുഖ സമാജങ്ങളും പിളർന്നുപോയ സാഹചര്യമുണ്ടായി. സമാജങ്ങളെ മുൻനിർത്തിയുള്ള ഇത്തരം രാഷ്ട്രീയക്കളികൾ പരാജയപ്പെട്ടപ്പോഴാണ്, കേരളത്തിലെ ഭരണത്തിന്റെ മറവിൽ മലയാളം മിഷനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങിയതെന്നും ബിജെപി ആരോപിക്കുന്നു.

കേരളത്തിൽ ഭരണം മാറിയ സാഹചര്യത്തിൽ, മലയാളം മിഷന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്താൻ പുതിയ സർക്കാർ മുൻകൈ എടുക്കണമെന്ന് കെ.ബി. ഉത്തം കുമാർ ആവശ്യപ്പെട്ടു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി, എല്ലാ വിഭാഗം മറുനാടൻ മലയാളികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ മിഷന്റെ പ്രവർത്തനങ്ങൾ സജീവമാക്കണം.
​മറുനാട്ടിൽ വളരുന്ന മലയാളി കുട്ടികൾ മലയാളത്തിന് ഒപ്പം തന്നെ മറാത്തി ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളും പഠിച്ചുവളരേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ തയ്യാറാകുകയാണെങ്കിൽ അതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഉത്തം കുമാർ വ്യക്തമാക്കി.

You may also like