മുംബൈ: വസായിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് ജയ്സണെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി. യുവാവിനെ കാണാനില്ലെന്ന പരാതിയിൽ വസായ് മാണിക്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. മകനെ തിരികെ കൂട്ടിക്കൊണ്ടുവരുന്നതിനായി പിതാവ് ഹാരിസൺ മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
മാണിക്പൂർ പോലീസ്, സൈബർ പോലീസ്, ആർ.പി.എഫ് (RPF), ജി.ആർ.പി (GRP) എന്നീ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് യുവാവിനെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ നിർണായക നീക്കങ്ങൾ.
യുവാവിനെ കാണാതായ വാർത്ത ‘കൊങ്കൺ യാത്ര വേദി’യുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. മലയാളി നെറ്റ്‌വർക്കുകളുടെ സജീവ ഇടപെടലും അന്വേഷണത്തിന് വലിയ രീതിയിൽ തുണയായി.