ശിർദ്ദി സായിബാബയ്ക്ക് ഗുരുപൂർണിമ സമ്മാനം: 1.05 കോടിയുടെ സ്വർണ്ണക്കരീടം സമർപ്പിച്ച് ആന്ധ്ര സ്വദേശിയായ ഭക്തൻ

by WhatsUp Mumbai

ശിർദ്ദി: ഗുരുപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്തമായ ശിർദ്ദി സായിബാബ ക്ഷേത്രത്തിലേക്ക് സ്വർണ്ണക്കരീടം സമർപ്പിച്ച് ആന്ധ്രപ്രദേശിൽ നിന്നുള്ള ഭക്തൻ. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയായ മല്ലാദി ശ്രീനിവാസ റാവുവാണ് ഏകദേശം 1.05 കോടി രൂപ വിലമതിക്കുന്ന വജ്രവും രത്നങ്ങളും പതിപ്പിച്ച സ്വർണ്ണക്കരീടം ഗുരുദക്ഷിണയായി ബാബയുടെ പാദങ്ങളിൽ സമർപ്പിച്ചത്.

642 ഗ്രാം തൂക്കമുള്ള ഈ കിരീടം ഏറെ മനോഹരവും അപൂർവ്വവുമായ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. ഭഗവാൻ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ ‘ദശാവതാരങ്ങൾ’ അതിസൂക്ഷ്മമായി കൊത്തിവെച്ചതാണ് ഈ കിരീടത്തിന്റെ പ്രധാന ആകർഷണം. സായിബാബ നവഗ്രഹങ്ങളുടെയും വിഷ്ണു, ശിവൻ, ബ്രഹ്മാവ്, ദത്താത്രേയ, ശക്തി തുടങ്ങിയ ദിവ്യരൂപങ്ങളുടെയും സമന്വയമാണെന്ന സ്വന്തം വിശ്വാസമാണ് ഇത്തരമൊരു കരീടം സമർപ്പിക്കാൻ തനിക്ക് പ്രചോദനമായതെന്ന് മല്ലാദി ശ്രീനിവാസ റാവു പറഞ്ഞു.

​ശ്രീ സായിബാബ സംസ്ഥാൻ ട്രസ്റ്റ് സി.ഇ.ഒ ഗൊരാക്ഷ ഗാഡിൽക്കർ ഭക്തന്റെ വൻ സംഭാവനയ്ക്ക് നന്ദി അറിയിച്ചു. വർഷങ്ങളായി ബാബയുടെ തീവ്രഭക്തനായ ശ്രീനിവാസ റാവു മുൻപും ക്ഷേത്ര ട്രസ്റ്റിന്റെ ആശുപത്രികൾക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ധനസഹായം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുപൂർണിമയോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരുടെ കാണിക്കകളിൽ ഏറ്റവും മൂല്യമേറിയ വഴിപാടുകളിൽ ഒന്നാണ് ഈ സ്വർണ്ണക്കരീടം.

You may also like