ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസ് എഐ അധിഷ്ഠിത ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ബയോമെട്രിക് നിരീക്ഷണവും ഉപയോഗിച്ചതിനെതിരെ സി.പി.ഐ (എം) എം.പി എ.എ. റഹീം സുപ്രീം കോടതിയെ സമീപിച്ചു. അഡ്വ. സുഭാഷ് ചന്ദ്രൻ കെ.ആർ മുഖേനയാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.
നീറ്റ് ക്രമക്കേടിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഡ്രോണുകൾ, സി.സി.ടി.വി, ‘ആജ്ഞാലെൻസ്’ സ്മാർട്ട് ഗ്ലാസുകൾ എന്നിവ ഉപയോഗിച്ച് കാമറ നിരീക്ഷണം നടത്തുകയും, ‘അഭിജ്ഞാൻ’ ആപ്പ് വഴി വിരലടയാളങ്ങൾ ശേഖരിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. കൃത്യമായ നിയമപരമായ പിൻബലമില്ലാതെ നടത്തുന്ന ഇത്തരമൊരു നിരീക്ഷണം ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേലുള്ള (ആർട്ടിക്കിൾ 21) കടന്നുകയറ്റമാണെന്നും, ശേഖരിച്ച വിവരങ്ങൾ നീക്കം ചെയ്യാനും നിരീക്ഷണം തടയാനും നിർദ്ദേശം നൽകണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.