നാസിക്: ലോക പരിസ്ഥിതി ദിനത്തിൽ നാസിക്കിന് ഹരിത സന്ദേശവുമായി മലയാളി കൂട്ടായ്മ മാതൃകയായി. നാസിക്കിൽ വരാനിരിക്കുന്ന മഹാകുംഭമേളയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തപോവൻ മേഖലയിലാണ് നാസിക് കേരള സേവ സമിതിയുടെയും കേരള മഹിളാ സേവ സമിതിയുടെയും പ്രവർത്തകർ സംയുക്തമായി വൻ ശുചീകരണ യജ്ഞം നടത്തിയത്.
കുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന തപോവനിലെ പുണ്യഭൂമി പരിസ്ഥിതി ദിനത്തിൽ ശുചിയാക്കാൻ പ്രവാസി മലയാളികൾ ഒന്നടങ്കം രംഗത്തിറങ്ങുകയായിരുന്നു. പരിസ്ഥിതി സംരക്ഷണം കേവലം വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിപഥത്തിൽ എത്തിച്ച മലയാളി പ്രവർത്തകരുടെ ഈ വേറിട്ട നീക്കം പ്രാദേശിക ഭരണകൂടത്തിന്റെയുമടക്കം വലിയ പ്രശംസ പിടിച്ചുപറ്റി.
സ്ത്രീകളടക്കമുള്ള നിരവധി സന്നദ്ധ പ്രവർത്തകർ പങ്കെടുത്ത ശുചീകരണ യജ്ഞത്തിലൂടെ തപോവൻ ഏരിയയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നീക്കം ചെയ്ത് പ്രദേശം മനോഹരമാക്കി മാറ്റി. വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് കേരള സേവ സമിതിയുടെയും മഹിളാ സേവ സമിതിയുടെയും പ്രവർത്തകർ ഈ പരിസ്ഥിതി ദിനത്തെ അർത്ഥവത്താക്കിയത്.