നവി മുംബൈ: ആഗോളതാപനത്തിനും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കുമെതിരെ വിപ്ലവകരമായ ചുവടുവെപ്പുമായി സന്ദീപ് നായിക് ഫൗണ്ടേഷൻ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നവി മുംബൈ നഗരത്തെ പച്ചപ്പണിയിക്കാൻ ‘ചോദിക്കുന്നവർക്കെല്ലാം മരം’ (Tree for anyone who asks) എന്ന ജനകീയ പദ്ധതിക്കാണ് ഫൗണ്ടേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം കേവലം പ്രസംഗത്തിലൊതുക്കാതെ ജന പങ്കാളിത്തത്തോടെ മണ്ണിലിറങ്ങി നടപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഭൂമി നേരിടുന്ന വർത്തമാനകാല പ്രതിസന്ധികൾക്ക് മരം നട്ടുപിടിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന സന്ദീപ് നായിക് വ്യക്തമാക്കി. വരുംതലമുറയുടെ നിലനിൽപ്പിനായി പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. തൈകൾ വെച്ചുപിടിപ്പിക്കുന്നതിനൊപ്പം തന്നെ അവ തണൽവൃക്ഷങ്ങളായി വളർന്നു വലുതാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ ലളിതമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നവി മുംബൈയിൽ മരം നടാൻ ആഗ്രഹിക്കുന്ന ആർക്കും ഫൗണ്ടേഷനെ സമീപിക്കാം. ആവശ്യപ്പെടുന്നവർക്കെല്ലാം മരത്തൈകൾ സൗജന്യമായി എത്തിച്ചുനൽകും. തൈകൾ വിതരണം ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, അവ ശാസ്ത്രീയമായി നടാനും കൃത്യമായി പരിപാലിക്കാനുമുള്ള സാങ്കേതിക സഹായവും ഫൗണ്ടേഷന്റെ പ്രവർത്തകർ നേരിട്ടെത്തി ഉറപ്പാക്കും.
നഗരത്തിന്റെ ഹരിതാഭ വീണ്ടെടുക്കാനുള്ള ഈ മഹത്തായ യജ്ഞത്തിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കാളികളാകണമെന്ന് സന്ദീപ് നായിക് ആഹ്വാനം ചെയ്തു. പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ട ഈ വേറിട്ട കാൽവെയ്പ്പിന് നഗരവാസികളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വൻ പിന്തുണയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഈ ഹരിത ക്യാമ്പയിൻ വലിയ രീതിയിൽ തരംഗമായി മാറിക്കഴിഞ്ഞു.