മഹാരാഷ്ട്രയിൽ ആദ്യമായി മലയാളി പ്രീമിയർ ലീഗ്; 16 ടീമുകൾ ഏറ്റുമുട്ടും, ഏപ്രിൽ 18 മുതൽ തിരിതെളിയും

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളെ ഒരുമിപ്പിച്ച് സംസ്ഥാനതലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മലയാളി പ്രീമിയർ ലീഗ് (MPL) സീസൺ-1 ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 18, 19 തീയതികളിൽ നടക്കും. വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.

മുംബൈയിലെ ഹോട്ടൽ മാതോശ്രീയിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മലയാള സിനിമ–ടെലിവിഷൻ താരം അനീഷ് രവി നിർവഹിച്ചു. സംഘടനയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് പേട്രൺ ഡോ. ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ സാന്നിധ്യം വഹിച്ചു. ജോൺ മാത്യു എറിഞ്ഞ ഹെഡ്‌ലി സോഫ്റ്റ് ക്രിക്കറ്റ് ടെന്നീസ് ബോൾ അടിച്ച് അനീഷ് രവി ഉദ്ഘാടനം നിർവഹിച്ചു.

ഓരോ ടീമിലും 11 കളിക്കാർ വീതം പങ്കെടുക്കും. ഡോംബിവലി ഈസ്റ്റിലെ പലാവ സിറ്റിയിലെ കാസ റിയോ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഏപ്രിൽ 18 രാവിലെ 8 മണിക്ക് ആരംഭിച്ച് 19 വൈകിട്ട് 8 മണിവരെ നീളുന്ന ടൂർണമെന്റ് ക്രിക്കറ്റ് ആവേശത്തിന്റെ ഉത്സവമാവും.

മത്സരത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് മുഖ്യാതിഥിയായിരിക്കും. എം.എൽ.എ രാജേഷ് മോറെ, മുൻ മന്ത്രിയും എം.എൽ.എയുമായ രവീന്ദ്ര ചവാൻ, ദേശീയ ക്രിക്കറ്റ് താരം സുധീഷ് നായർ എന്നിവർ വിശിഷ്ടാതിഥികളായും പ്രത്യേകാതിഥികളായും പങ്കെടുക്കും. KDMC, TMC കോർപറേറ്റർമാരും വിവിധ മലയാളി സംഘടനാ ഭാരവാഹികളും ചടങ്ങിൽ സാന്നിധ്യമറിയിക്കും.

സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റണി ഫിലിപ്പ്, ബിജു രാജൻ, സാവിയോ, പ്രേംലാൽ, ദീപ്തി, രമേശ് വാസു, ദിവ്യ, ടേബിൾ ടെന്നീസ് താരം പ്രിയ എന്നിവരടങ്ങിയ സംഘമാണ് ടൂർണമെന്റിന് പിന്നിൽ. ആരോഷ് തോമസ്, ശിവറാം, ഉണ്ണികൃഷ്ണ കുറുപ്പ്, റെന്നി ഫിലിപ്പോസ്, വർഗീസ് ഫിലിപ്പ് എന്നിവരും കമ്മിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ തത്സമയ പ്രക്ഷേപണം യൂട്യൂബ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയും പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. ആന്റണി, ബിജു, സിന്ധു നായർ എന്നിവർ മത്സര വിവരണം നിർവഹിക്കും. ചടങ്ങുകൾ മനോജ് അയ്യനേത്ത് നിയന്ത്രിക്കും.

വിജയികൾക്ക് ആകർഷകമായ പാരിതോഷികങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 50,000 രൂപ, രണ്ടാം സ്ഥാനത്തിന് 25,000 രൂപ, മൂന്നാം സ്ഥാനത്തിന് 15,000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡിനൊപ്പം ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങൾക്കും മെഡലും സർട്ടിഫിക്കറ്റും നൽകുന്നതും പ്രത്യേകതയാണ്.

ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ പ്രവാസി മലയാളി സംഘടനാ ഭാരവാഹികളെ ആദരിക്കുകയും ചെയ്യും. കായിക ആവേശത്തെയും കൂട്ടായ്മയെയും ഒരുമിപ്പിക്കുന്ന വേദിയായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9029394349, 9833410158.

You may also like