പുണെ: മഹാരാഷ്ട്രയിൽ കാലവർഷം ശക്തമാകാൻ ഇനിയും കാത്തിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ജൂൺ 18 നും ജൂലൈ 2 നും ഇടയിൽ മാത്രമേ കാലവർഷം പൂർണ്ണമായി സജീവമാകൂ എന്നാണ് പ്രവചനം. നിലവിൽ കൊങ്കൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മൺസൂൺ എത്തിയേക്കുമെങ്കിലും ചിലയിടങ്ങളിൽ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും നിലനിൽക്കുന്നുണ്ട്.
പസഫിക് സമുദ്രത്തിൽ അതിശക്തമായ ‘എൽ നിനോ’ പ്രതിഭാസം രൂപപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 1950-ന് ശേഷമുള്ള ഏറ്റവും ഭീതിദമായ എൽ നിനോ സാഹചര്യമാണിതെന്നാണ് അമേരിക്കൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കുന്നത്. ഇത് ഇന്ത്യയിലെയും പ്രത്യേകിച്ച് മഹാരാഷ്ട്രയിലെയും മൺസൂണിനെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വരണ്ട ഉഷ്ണക്കാറ്റും പസഫിക് സമുദ്രത്തിലെ എൽ നിനോയുമാണ് മൺസൂണിന്റെ വഴി തടസ്സപ്പെടുത്തിയത്. നിലവിൽ രത്നാഗിരിയിൽ തന്നെ ഒതുങ്ങിനിൽക്കുന്ന കാലവർഷത്തിന്റെ മുന്നേറ്റം ഈ വരണ്ട കാറ്റിന്റെ സ്വാധീനം കുറയുന്നതോടെ മാത്രമേ പുനരാരംഭിക്കൂ എന്ന് മുതിർന്ന കാലാവസ്ഥാ ശാസ്ത്രജ്ഞൻ കൃഷ്ണാനന്ദ് ഹൊസാലിക്കർ അറിയിച്ചു.
എൽ നിനോ പ്രതിഭാസം ശക്തമാകുന്നതോടെ രാജ്യത്ത് ഇത്തവണ ശരാശരിയുടെ 90 ശതമാനം മാത്രമായിരിക്കും മഴ ലഭിക്കുകയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (IMD) സ്ഥിരീകരിച്ചിട്ടുണ്ട്. കുറഞ്ഞ മഴയും കടുത്ത വരൾച്ചയ്ക്കുമുള്ള സാധ്യതയാണ് കാലാവസ്ഥാ വിദഗ്ദ്ധർ പ്രവചിക്കുന്നത്. മഴയുടെ വിതരണത്തിലുണ്ടാകുന്ന ഈ അസമത്വം ചുരുങ്ങിയ സമയത്തിനുള്ളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും മറ്റ് ചിലയിടങ്ങളിൽ കടുത്ത കൃഷിനാശത്തിനും ഇടയാക്കും. ആഗോള താപനിലയിലും ഇത് വലിയ വർദ്ധനവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ജൂൺ പകുതി പിന്നിട്ടിട്ടും മഴ മാറിനിൽക്കുന്നത് കാർഷിക മേഖലയെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഖാരിഫ് വിളവിറക്കാനായി വിത്തുകളും വളങ്ങളും വാങ്ങി കാത്തിരിക്കുന്ന കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ജൂൺ 18 മുതൽ ജൂലൈ 2 വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലും കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രത്യാശ.