കിം–രാഗലയ വേദിയിൽ സലീൽ ചൗധരിക്ക് ആദരം; സംഗീതവും നൃത്തവും നിറഞ്ഞ സന്ധ്യ ശ്രദ്ധേയമായി

by admin

മുംബൈ: രാഗലയയും ‘കേരള ഇൻ മുംബൈ’യും സംയുക്തമായി സംഘടിപ്പിച്ച കിം–രാഗലയ എക്സലൻസ് അവാർഡ്സ് 2026 ചടങ്ങ് ഏപ്രിൽ 11-ന് ശനിയാഴ്ച വൈകുന്നേരം മാട്ടുങ്കയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ ശ്രദ്ധേയമായി അരങ്ങേറി. നഗരത്തിലെ സാംസ്കാരിക പ്രേമികളെ ഒരുമിപ്പിച്ച ഈ പരിപാടി മികച്ച കലാസന്ധ്യയായി മാറി.

പ്രശസ്ത നർത്തകി രാധിക നായർ അവതരിപ്പിച്ച മനോഹരമായ മോഹിനിയാട്ടത്തോടെ സന്ധ്യയ്ക്ക് തുടക്കമായി. തുടർന്ന് രാഗലയയുടെ ആജീവപുരസ്കാരം മലയാള ചലച്ചിത്ര സംഗീതലോകത്തിന് അമൂല്യ സംഭാവനകൾ നൽകിയ അന്തരിച്ച സംഗീതസംവിധായകൻ സലീൽ ചൗധുരിക്കായി അദ്ദേഹത്തിന്റെ മകൻ, സംഗീതസംവിധായകൻ സാൻജോയ് ചൗധുരി ഏറ്റുവാങ്ങി.

തുടർന്ന് സലീൽ ചൗധുരി ഈണം നൽകിയ ഗാനങ്ങൾക്ക് സമർപ്പിച്ച സംഗീതാവിഷ്കാരവും അരങ്ങേറി. മുംബൈയിലെ പ്രമുഖ ഗായകരായ ഐഡിയ സ്റ്റാർ സിംഗർ റണ്ണറപ്പ് പ്രീതി വാരിയർ, ഫ്ലവേഴ്സ് മ്യൂസിക് സീസൺ 5 വിജയി ശിവശങ്കർ കൃഷ്ണ എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ച് സദസിനെ സംഗീതലഹരിയിൽ ആഴ്ത്തി.

ഇതിനൊപ്പം സംഘടിപ്പിച്ച ‘കേരള ഇൻ മുംബൈ എക്സലൻസ് അവാർഡ്സ്’ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ എം. കെ. നവാസ്, മാതൃഭൂമി മുംബൈ ബ്യൂറോ ചീഫ് എൻ. ശ്രീജിത്ത്, വ്യവസായിയും കവയിത്രിയുമായ ഡോ. ശശികല പണിക്കർ, പ്രശസ്ത നർത്തകി നിഷാ ഗിൽബർട്ട്, വിദ്യാഭ്യാസരംഗത്തെ യുവ സംരംഭകൻ ബിജോയ് ഉമ്മൻ, സാമൂഹിക പ്രവർത്തക രാഖി സുനിൽ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ക്ലാസിക്കൽ നൃത്തവും സംഗീതവും പ്രതിഭകളുടെ ആദരവുമൊന്നിച്ചു കലർന്ന ഈ പരിപാടി മുംബൈയിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത സാംസ്കാരിക അനുഭവമായി. കലയും സംസ്കാരവും കൈകോർത്ത ഈ സന്ധ്യ, നഗരത്തിന്റെ സാംസ്കാരിക ജീവിതത്തിൽ ശ്രദ്ധേയ അധ്യായമായി മാറിയെന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

You may also like