മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ പുതുതായി നവീകരിച്ച അത്യന്താധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രത്തിന്റെയും ആയുർവേദ ക്ലിനിക്കിന്റെയും ഉദ്ഘാടനം ഈയാഴ്ച നടക്കും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ബി.കെ.എസ് ആയുർവേദ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പൂജകളും ചടങ്ങുകളുമാണ് സമാജം ഭാരവാഹികൾ ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പൂജാകർമ്മങ്ങൾ ജൂൺ 17 ബുധനാഴ്ച നടക്കും. അന്ന് രാവിലെ അഞ്ച് മണിക്ക് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
ജൂൺ 21 ഞായറാഴ്ച, അന്താരാഷ്ട്ര യോഗാ ദിനത്തിലാണ് ആയുർവേദ കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് സമാജത്തിലെ യോഗാ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പ്രത്യേക യോഗാ പ്രദർശനം നടക്കും. തുടർന്ന് 6:30-ന് സമാജം നവതി മെമ്മോറിയൽ ഹാളിൽ വെച്ചാണ് ഔദ്യോഗിക ഉദ്ഘാടന സമ്മേളനം.
മഹാരാഷ്ട്ര ആയുഷ് ഡയറക്ടർ പ്രൊഫ. വൈദ്യ. രാമൻ ഘുൻഗ്രലേക്കർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ബാന്ദ്ര ധന്വന്തരി ആയുർവേദ ഉപചാർ കേന്ദ്രയിലെ ഡോ. വിനായക് വിട്ടൽ തായടെ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ‘ആയുർവേദത്തിലൂടെ ആരോഗ്യം’, ‘യോഗാദിനാചരണത്തിന്റെ പ്രസക്തി’ എന്നീ വിഷയങ്ങളിൽ പ്രമുഖ വിദഗ്ധർ പങ്കെടുക്കുന്ന പ്രത്യേക പ്രഭാഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്.