മുംബൈ: മഹാരാഷ്ട്രയിലെ നിർമ്മാണ സൈറ്റിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോഡ് ഹോസ്ദുർഗ് സ്വദേശിയും മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ നാഗോത്താന നിവാസിയുമായ കെ. രതീഷ് (43) ആണ് മരിച്ചത്. നാഗോത്താനയിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിർമ്മാണ സൈറ്റിൽ ഇൻഡസ്ട്രിയൽ എനർജി സൊല്യൂഷൻസ് (IES) കമ്പനിയുടെ സൈറ്റ് ഇൻ ചാർജ് ആയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ജോലിയിലായിരിക്കെ നിർമ്മാണ സൈറ്റിലെ സെപ്റ്റിക് ടാങ്കിന്റെ മാൻഹോളിലേക്ക് രതീഷ് അബദ്ധത്തിൽ വീഴുകയായിരുന്നു. തുടർന്ന് അധികൃതരും സഹപ്രവർത്തകരും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി ഒൻപത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാഗോത്താന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
നാഗോത്താനയിലെ സാമൂഹിക പ്രവർത്തകരായ കെ.ആർ. നായർ, വിൻസൺ വർഗ്ഗീസ്, അബിൻ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെ തുടർനടപടികൾ ഏകോപിപ്പിക്കുന്നത്. മരണവിവരമറിഞ്ഞ് നാട്ടിൽ നിന്നും ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ 6 മണിയുടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ മൃതദേഹം മംഗലാപുരം എയർപോർട്ടിൽ എത്തിക്കും. അവിടെ നിന്നും നോർക്ക റൂട്ട്സിന്റെ പ്രത്യേക ആംബുലൻസിൽ കാസർകോഡ് ഹോസ്ദുർഗിലെ വസതിയിലേക്ക് കൊണ്ടുപോകും. രതീഷിന്റെ വിയോഗത്തിൽ കൊങ്കൺ യാത്രാവേദി അനുശോചിച്ചു.