ശ്രീനാരായണ ഗുരു കോളേജ് സ്വയംഭരണ സ്ഥാപനമായി

by WhatsUp Mumbai

മുംബൈ: ശ്രീ നാരായണ മന്ദിര സമിതി മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പൂർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്സിന് സ്വയംഭരണാധികാരം (Autonomy) ലഭിച്ചതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ യു.ജി.സി. വൈസ് ചെയർമാനും നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) മുൻ ചെയർമാനുമായ പ്രൊഫ. ഡോ. വി. എൻ. രാജശേഖരൻ പിള്ള മുഖ്യാതിഥിയായിരുന്നു. അറ്റ്ലസ് സ്‌കിൽ ടെക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും മുംബൈ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. രാജൻ വേലൂക്കർ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.

വിദ്യകൊണ്ട് സ്വതന്ത്രരാവാൻ ഉപദേശിച്ച വിശ്വഗുരു ശ്രീനാരായണ ഗുരുവിൻ്റെ നാമധേയത്തിലുള്ള ഈ കോളേജിന് ലഭിച്ച സ്വയംഭരണാധികാരം, ഭാവിയിൽ ഒരു കൽപിത സർവകലാശാല പദവിയിലേക്കുള്ള (Deemed University) ചവിട്ടുപടിയാണെന്ന് ഡോ. രാജശേഖരൻ പിള്ള അഭിപ്രായപ്പെട്ടു. ഭാവിയിൽ ഇത് ‘ശ്രീനാരായണ ഗുരു ഗ്ലോബൽ യൂണിവേഴ്‌സിറ്റി’യായി മാറുമെന്നും, അത് യാഥാർത്ഥ്യമാക്കാൻ സമിതി ഭാരവാഹികൾക്കും അധ്യാപകർക്കും പ്രവർത്തകർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ. രാജൻ വേലൂക്കർ, സ്വയംഭരണ പദവി ലഭിച്ചതിലൂടെ മന്ദിര സമിതി വലിയൊരു ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഓർമിപ്പിച്ചു. ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവർത്തന പന്ഥാവിലെ വലിയൊരു നാഴികക്കല്ലാണീ പദവിയെന്നും, സമിതി ഭാരവാഹികളുടേയും പ്രവർത്തകരുടേയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണിത്‌യെന്നും പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ഡോ. ജയശ്രീ വെങ്കിടാചലം, ഡയറക്ടർ ആൻസി ജോസ്, ഡോ. ഹിന്ദുജ ശ്രീചന്ദ്, ഡോ. രശ്‌മി, സമിതി മുൻ പ്രസിഡൻ്റ് എൻ. ശശിധരൻ, ചെയർമാൻ എൻ. മോഹൻദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, സമിതി ഭാരവാഹികൾ, പേട്രൺമാർ, യൂണിറ്റ് സെക്രട്ടറിമാർ, കൗൺസിൽ അംഗങ്ങൾ അടക്കം വലിയൊരു ജനപങ്കാളിത്തം സമ്മേളനത്തിൽ ഉണ്ടായിരുന്നു.

You may also like