കേരളം പുതിയ നായകനായി കാത്തിരിക്കുന്നു: യു.ഡി.എഫ് മന്ത്രിസഭയിൽ ആരെല്ലാം? ചർച്ചകൾ ചൂടുപിടിക്കുന്നു

by admin

Honey VG

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും വലതുപക്ഷ ഭരണത്തിലേക്ക് ചുവടുവെക്കുമ്പോൾ, ഇന്ദിരാ ഭവനിലും നിയമസഭാ മന്ദിരത്തിലും ചർച്ചകൾ സജീവമാണ്. 140-ൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് ഉജ്ജ്വല വിജയം കൈവരിച്ചതോടെ, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് ഇനി ആരൊക്കെ എത്തും എന്നതിനെക്കുറിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

മുഖ്യമന്ത്രി പദത്തിനായി കരുനീക്കങ്ങൾ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിനുള്ളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മുന്നണിയെ മുന്നിൽ നിന്ന് നയിച്ച വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. ഭൂരിഭാഗം ഘടകകക്ഷികളും വി.ഡി. സതീശനെ പിന്തുണയ്ക്കുമ്പോൾ, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും എം.എൽ.എമാർക്കിടയിലെ സ്വാധീനവും കെ.സി. വേണുഗോപാലിന് കരുത്താകുന്നു.

പരിചയസമ്പത്തും പക്വതയും; മുതിർന്ന നേതാക്കൾ

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്നില്ലെങ്കിൽ, ഭരണരംഗത്തെ അദ്ദേഹത്തിന്റെ നീണ്ടകാലത്തെ പരിചയം മന്ത്രിസഭയ്ക്ക് വലിയ മുതൽക്കൂട്ടാകും. ആഭ്യന്തരം പോലുള്ള പ്രധാന വകുപ്പുകളിൽ അദ്ദേഹം എത്തിയേക്കാം. കോട്ടയത്തെ രാഷ്ട്രീയ ചാണക്യൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും മന്ത്രിസഭയിൽ ഏകദേശം ഉറപ്പാണ്. സ്പീക്കർ സ്ഥാനത്തേക്കോ അല്ലെങ്കിൽ പ്രധാനപ്പെട്ട മറ്റേതെങ്കിലും വകുപ്പിലേക്കോ അദ്ദേഹം പരിഗണിക്കപ്പെട്ടേക്കാം. വണ്ടൂരിൽ നിന്നുള്ള എ.പി. അനിൽകുമാറിനും തന്റെ മുൻകാല ഭരണമികവ് മൂലം മന്ത്രി സ്ഥാനം ലഭിച്ചേക്കാം.

യുവത്വത്തിന്റെ കരുത്ത്; വിഷ്ണുനാഥും സിദ്ധിഖും

ഇത്തവണത്തെ മന്ത്രിസഭയിൽ യുവത്വത്തിന് വലിയ പ്രാധാന്യം നൽകാനാണ് ഹൈക്കമാൻഡ് തീരുമാനം. ഗ്രൂപ്പ് സമവാക്യങ്ങൾക്കും അപ്പുറം ജനപ്രീതിയുള്ള യുവനേതാക്കൾ പട്ടികയിലുണ്ട്.

​പി.സി. വിഷ്ണുനാഥ്: കുണ്ടറയിൽ നിന്നുള്ള തിളക്കമാർന്ന വിജയം വിഷ്ണുനാഥിനെ മന്ത്രിസഭയിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. മികച്ച സംഘാടകനും വാഗ്മിയുമായ അദ്ദേഹം യുവത്വത്തിന്റെ പ്രതിനിധിയായി പട്ടികയിൽ മുന്നിലുണ്ട്.

​ടി. സിദ്ധിഖ്: മലബാറിൽ നിന്നുള്ള കരുത്തുറ്റ കോൺഗ്രസ് ശബ്ദമായ ടി. സിദ്ധിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നു. വയനാട്ടിലെ കൽപറ്റയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിജയം മലബാറിലെ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

പുതുമുഖങ്ങളും ഘടകകക്ഷികളും

പുതുപ്പള്ളിയിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷം നേടിയ ചാണ്ടി ഉമ്മനും, സഭയ്ക്കകത്ത് നിരന്തരം പോരാട്ടം നയിച്ച മാത്യു കുഴൽനാടനും സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.
​ഘടകകക്ഷികളിൽ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് ഇത്തവണ അഞ്ചു മന്ത്രിസ്ഥാനങ്ങൾ വരെ ലഭിച്ചേക്കാം. പി.കെ. കുഞ്ഞാലിക്കുട്ടി,പി കെ ബഷീർ, കെ എം ഷാജി,എന്നിവർ ലീഗിനെ നയിക്കും, ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോണും മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളാകും. പാലാ പിടിച്ചെടുത്ത, മാണി സി. കാപ്പനും മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്.

തീരുമാനം ഹൈക്കമാൻഡിന്റേത്

കേരളത്തിന്റെ സമഗ്ര വികസനവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ പ്രാപ്തിയുള്ള ഒരു സന്തുലിത മന്ത്രിസഭയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രഖ്യാപനം ഉണ്ടാകും.

You may also like