മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സാഹചര്യം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വിദർഭ, മറാത്ത്വാഡ, മധ്യ മഹാരാഷ്ട്ര മേഖലകളിലാണ് ഏറ്റവും കൂടുതൽ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചില ജില്ലകളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ കർഷകർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിളകൾ സുരക്ഷിതമായി സൂക്ഷിക്കാനും തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയെ തുടർന്ന് വൈദ്യുതി തടസവും ഗതാഗത പ്രശ്നങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.
മുംബൈ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിയോടുകൂടിയ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപ്രതീക്ഷിത മഴയും കാറ്റും സംസ്ഥാനത്തെ വിവിധ മേഖലകളിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു.
അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ വിഭാഗം പൊതുജനങ്ങളോട് അഭ്യർഥിച്ചു.