ടി.എം.ടി പാസ് വിതരണത്തിൽ ഗുരുതര വീഴ്ച; വയോധികരുടെ ദുരിതം നേരിൽകണ്ട് കോൺഗ്രസ് രംഗത്ത്

by admin

മുംബൈ: താനെ നഗരസഭാ ബസ് സർവീസിന്റെ (TMT) കടുത്ത അനാസ്ഥയെത്തുടർന്ന് വയോധികരായ യാത്രക്കാർ ദുരിതത്തിൽ. ഡിജിറ്റൽ ബസ് പാസുകൾ ലഭിക്കാനായി കനത്ത മഴയത്തും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന വയോധികരുടെ ദുരവസ്ഥയ്ക്കെതിരെ താനെ കോൺഗ്രസ് രംഗത്തിറങ്ങി. താനെ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിലുള്ള പാസ് വിതരണ കേന്ദ്രത്തിൽ കോൺഗ്രസ് നേതാക്കൾ അപ്രതീക്ഷിത സന്ദർശനം നടത്തിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ബസ് പാസ് കേന്ദ്രത്തിലെത്തിയ താനെ നഗര ജില്ലാ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പിംഗളെയ്ക്ക് മുന്നിൽ വയോധികർ തങ്ങളുടെ സങ്കടങ്ങൾ തുറന്നുപറഞ്ഞു. പാസ് കേന്ദ്രത്തിൽ ഇരിക്കാൻ കസേരകളോ കുടിവെള്ളമോ ഇല്ല. മഴയിൽ നിന്ന് രക്ഷപ്പെടാൻ പോലും മേൽക്കൂരയില്ലെന്നും അവർ പരാതിപ്പെട്ടു. അപേക്ഷ നൽകി ഒരു മാസത്തിനകം കിട്ടേണ്ട ഡിജിറ്റൽ പാസുകൾ ആറും ഏഴും മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടാത്തതിനാൽ പലതവണ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നു. സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് പോലും പാസിന് പണം വാങ്ങുന്നതായും യാത്രക്കാർ ആരോപിച്ചു.

ഇക്കാര്യത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ, പാസ് വിതരണ ചുമതല ഒരു സ്വകാര്യ കമ്പനിക്കാണെന്നായിരുന്നു മറുപടി. എന്നാൽ, നിലവിൽ മുൻ കൗൺസിലർമാർ (നഗരസഭാംഗങ്ങൾ) ശുപാർശ ചെയ്ത ഇരുന്നൂറോ മുന്നൂറോ പാസുകൾ മാത്രമാണ് ഇപ്പോൾ തയ്യാറാക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്.

പൊതുജനങ്ങളോടുള്ള ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ട് വന്നിട്ടുണ്ട്. വയോധികരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഡിജിറ്റൽ പാസുകളുടെ കാലാവധി അഞ്ച് വർഷമായി നീട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് മാനേജരെ കാണുമെന്ന് രാഹുൽ പിംഗളെ അറിയിച്ചു.

പ്രതിഷേധത്തിൽ താനെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ രാം ഭോസ്‍ലെ, മഹേന്ദ്ര മാത്രേ , ശിരീഷ് ഘരത്, ബ്ലോക്ക് പ്രസിഡന്റ് അജിങ്ക്യ ഭോയിർ, ഹർഷൽ കോലി, ചന്ദ്രകാന്ത് പാട്ടീൽ, ശരദ് ജാദവ് എന്നിവരും മറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

You may also like