ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടക്കം കുറിച്ച ‘സത്യാഗ്രഹ’ പോർട്ടലിലേക്ക് രാജ്യവ്യാപകമായി പരാതികളുടെ പ്രവാഹം. പോർട്ടൽ പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അഴിമതിയും വിദ്യാഭ്യാസ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ച് പതിനായിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
സാധാരണ ജനങ്ങൾ നിത്യജീവിതത്തിൽ നേരിടുന്ന വിവിധ അനീതികളെയും അവർ നടത്തുന്ന ചെറുത്തുനിൽപ്പുകളെയും കൃത്യമായി രേഖപ്പെടുത്താനും മാപ്പ് ചെയ്യാനും ലക്ഷ്യമിട്ട് ഒക്ടോബർ മൂന്നിനാണ് രാഹുൽ ഗാന്ധി ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ 29,000-ത്തിലധികം പരാതികളും പ്രതികരണങ്ങളുമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
വിദ്യാഭ്യാസ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ച് 5,233 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. അഴിമതിക്കെതിരെ ലഭിച്ച 5,124 പരാതികളിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ നിൽക്കുന്നത്.
ഇതിനുപുറമെ, മറ്റ് പല ഗുരുതര വിഷയങ്ങളിലും രാജ്യവ്യാപകമായി വൻതോതിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ജാതിവിവേചനവുമായി ബന്ധപ്പെട്ട് 2,400 പരാതികളും ആരോഗ്യരംഗത്തെ വീഴ്ചകളിൽ 2,337 പരാതികളും രജിസ്റ്റർ ചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് 1,958 പരാതികളും, കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ 1,598 പരാതികളും, സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് 1,230 പരാതികളും പോർട്ടലിൽ എത്തിയവയിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ പരാതികൾ എല്ലാം തന്നെ പോർട്ടലിലെ മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.