മുംബൈ: വോട്ടർമാരുടെ അവകാശങ്ങൾക്ക്മേലുള്ള കടന്നുകടലാണിതെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വൊട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) കാമ്പെയ്ന്റെ ഭാഗമായി താനെയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചത്. എസ്.ഐ.ആർ (SIR) നടപടികൾ അടിയന്തരമായി റദ്ദാക്കുക, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരിക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങൾ കോൺഗ്രസ് ഉന്നയിച്ചു.
രാജസ്ഥാൻ ചോമു നിയമസഭാ മണ്ഡലം എം.എൽ.എയും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി നിരീക്ഷകയുമായ ഡോ. ശിഖാ മീൽ ബരാല വാർത്താസമ്മേളനത്തിൽ സംസാരിച്ചു. എസ്.ഐ.ആർ പ്രക്രിയയുടെ പേരിൽ മരിച്ചവരുടെയും കുടിയേറിയവരുടെയും ഇരട്ട വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്യുന്നതിന്റെ മറവിൽ അർഹരായ നിരവധി വോട്ടർമാരുടെ പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നുണ്ടെന്ന് അവർ ആരോപിച്ചു. ബി.ജെ.പിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും, ഇത് വോട്ടർമാരുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകടലാണെന്നും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ട സാധാരണക്കാരിലേക്ക് എത്താൻ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് തലത്തിൽ ‘വോട്ടർ രക്ഷക്’ ആയി പ്രവർത്തിക്കുമെന്ന് അറിയിച്ചു. വോട്ടർമാർക്ക് പേര് പരിശോധിക്കാനും അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനും ഇതിലൂടെ സാധിക്കും. നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന മഹാജനപ്രക്ഷോഭത്തിൽ താനെയിൽ നിന്നുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി കോൺഗ്രസും ഇൻഡ്യാ മുന്നണിയും ഒരുമിച്ച് ശക്തമായ പോരാട്ടം തുടരുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.

താനെ സിറ്റി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ പിംഗളെ, സംസ്ഥാന ജനറൽ സെക്രട്ടറി ഗുർവീന്ദർ സിംഗ് ബച്ചർ, സംസ്ഥാന ഭാരവാഹികളായ രാജേഷ് യാദവ്, മോഹൻ തിവാരി, ഡോ. ഗജാനൻ ദേശായി, മഹേന്ദ്ര മ്ഹാത്രെ തുടങ്ങിയവരും മറ്റ് പ്രധാന കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.