ലോകസാഹിത്യത്തിലേക്ക് തുറന്ന ജാലകം; അക്ഷരസന്ധ്യയിൽ ‘പ്ലേഗിന്റെ രാത്രികൾ’

by WhatsUp Mumbai

നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘അക്ഷരസന്ധ്യ’യുടെ ഭാഗമായി നൊബേൽ സമ്മാന ജേതാവായ തുർക്കി എഴുത്തുകാരൻ ഓർഹൻ പാമുക്കിന്റെ ‘പ്ലേഗിന്റെ രാത്രികൾ’ എന്ന നോവലിന്റെ പുസ്തകപരിചയവും ചർച്ചയും സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് ആറിന് നെരൂളിലെ സമാജം ഹാളിൽ നടന്ന പരിപാടിയിൽ സാഹിത്യപ്രേമികളും സമാജം അംഗങ്ങളും പങ്കെടുത്തു.

സമാജം പ്രസിഡന്റ് കെ. എ. കുറുപ്പ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അനിൽ പരുമല സ്വാഗതം ആശംസിച്ചു. പ്രമുഖ പത്രപ്രവർത്തകൻ സിബി സത്യൻ പുസ്തകം പരിചയപ്പെടുത്തി. ചരിത്രവും ഭാവനയും ഇഴചേരുന്ന പാമുക്കിന്റെ ആഖ്യാനശൈലി, നോവലിന്റെ ചരിത്രപശ്ചാത്തലം, അതിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് നടന്ന ചർച്ച പി. എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. നോവലിലെ ചരിത്രപരമായ പശ്ചാത്തലം, സാമൂഹിക യാഥാർഥ്യങ്ങൾ, അധികാരം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. സഞ്ജയ്, എം. ജി. അരുൺ, ഷാബു, കെ. ടി. നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് തങ്ങളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

സാഹിത്യവായനയിലൂടെയും ആശയസംവാദത്തിലൂടെയും ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെ കൂടുതൽ അടുത്തറിയാനുള്ള വേദിയായി അക്ഷരസന്ധ്യ മാറി. പരിപാടിയിൽ അക്ഷരസന്ധ്യ കൺവീനർ എം. പി. ആർ. പണിക്കർ നന്ദി രേഖപ്പെടുത്തി.

You may also like