ഇറ്റാനഗർ ജൊല്ലാങ് ഹിമാലയൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ രചന നിർവ്വഹിച്ച “എംപവറിംഗ് മൈൻഡ്സ്, ട്രാൻസ്ഫോർമിംഗ് ലൈവ്സ്: ശ്രീ നാരായണ ഗുരുസ് ഫിലോസഫി ഓഫ് എഡ്യുക്കേഷൻ & സ്കിൽ ഡെവലപ്മെന്റ്” എന്ന പുസ്തകം അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് സമ്മാനിച്ചു. പാസിഘട്ടിൽ നടന്ന നോർത്ത് ഈസ്റ്റ് വൈസ് ചാൻസലർമാരുടെ റൗണ്ട് ടേബിൾ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പുസ്തക കൈമാറ്റം. പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ: നവീകരണം, സഹകരണം, ഭാവിക്കായുള്ള ഇന്ത്യയ്ക്കായി തന്ത്രങ്ങൾ” എന്ന വിഷയത്തിലായിരുന്നു റൗണ്ട് ടേബിൾ ചർച്ച നടത്തിയത്. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസും (AIU) രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയുടെ പാസിഘട്ട് ക്യാമ്പസും EDLD യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സാങ്കേതികവിദ്യ, ഗവേഷണം, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം, സർവ്വകലാശാലാ സഹകരണം എന്നിവയിലൂടെ ഭാവിക്കനുയോജ്യമായ ഒരു വിദ്യാഭ്യാസ മേഖല കെട്ടിപ്പടുക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.
അഡ്വൈസർ (ഹോം & എഡ്യുക്കേഷൻ) മുത്ചു മിഥി, സംസ്ഥാന ബിജെപി പ്രസിഡന്റ് കലിങ് മോയോങ്, അഡ്വൈസർ (HPD) നിനോങ് എറിങ്, എംഎൽഎമാരായ എഞ്ചിനീയർ താപി ദരംഗ്, ഒകെൻ തായെങ്, ഒനി പന്യാങ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU) ജോയിന്റ് ഡയറക്ടർ ഡോ. അമരേന്ദ്ര പാനി, രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റി ഡീൻ ഓഫ് ക്യാമ്പസസ് ഡോ. അവിനാഷ് ഖരേൽ, RRU പാസിഘട്ട് ക്യാമ്പസ് ഡയറക്ടർ ഡോ. സഞ്ജീവ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ, സാമൂഹിക പരിഷ്കരണ ദർശനങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകം നേരത്തെ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനാണ് പ്രകാശനം ചെയ്തത്. ഗുരുവിന്റെ ആശയങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനും (NEP 2020) വികസിത ഭാരതമെന്ന ലക്ഷ്യത്തിനും ഏറെ അനുയോജ്യമാണെന്ന് ചടങ്ങിൽ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനശേഷിയും സംസ്കാരവും പ്രയോജനപ്പെടുത്തി മേഖലയെ അറിവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.