ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു

by admin

മുംബൈ : ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ആഭിമുഖ്യത്തിൽ
മലയാളം മിഷൻ ക്ലാസുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശനോത്സവം അണുശക്തിനഗറിൽ നടന്നു.

ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും മലയാളം മിഷൻ മുംബൈ ചാപ്റ്റർ ചെയർമാനുമായ ഡോ. എ.പി. ജയരാമൻ, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും യുജിസി ചെയർമാൻ, മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള പ്രൊഫസർ വി. എൻ. രാജശേഖരൻ പിള്ള എന്നിവരായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥികൾ.

മലയാള ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിൽ മലയാളം മിഷൻ ക്ലാസുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. എ.പി. ജയരാമൻ പറഞ്ഞു.അന്യസംസ്ഥാനങ്ങളിലും വിദേശത്തുമായി വളരുന്ന മലയാളി കുട്ടികൾക്ക് മാതൃഭാഷ പഠിക്കാനും കേരളത്തിന്റെ സാംസ്കാരിക പൈതൃകവുമായി അടുക്കാനും മലയാളം മിഷൻ മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് പ്രൊഫ. വി. എൻ. രാജശേഖരൻ പിള്ള അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷത്തെ മലയാളം മിഷൻ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മാതൃഭാഷാ പഠനം കുട്ടികളിൽ സ്വന്തം സംസ്കാരത്തോടും പൈതൃകത്തോടുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സർട്ടിഫിക്കറ്റുകൾ നൽകിക്കൊണ്ട് അതിഥികൾ വ്യക്തമാക്കി.

ക്ലാസുകളിലേക്ക് പുതുതായി എത്തിയ കുട്ടികളെ പൂച്ചെണ്ടുകൾ നൽകി ചടങ്ങിലേക്ക് സ്വീകരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മലയാളം മിഷൻ വിദ്യാർഥികൾ “കൂട്ടുകാർ” എന്ന നാടകം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാള ഭാഷയിലെ മികവ് കലാപരിപാടികളിലൂടെ പുറത്തെടുത്ത കുട്ടികളെ വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.

You may also like