മലാഡ് ബോംബെ കേരളീയ സമിതിയുടെ തണൽ; കുട്ടികൾക്ക് പഠനോപകരണ വിതരണവും പ്രതിഭകൾക്ക് ആദരവും

by admin

മുംബൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കരുതലുമായി ബോംബെ കേരളീയ സമിതി, മലാഡ് വെസ്റ്റ് ശാഖയുടെ വാർഷിക പുസ്തക-സ്കൂൾ സ്റ്റേഷനറി വിതരണവും എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു മലാഡ് വെസ്റ്റിലുള്ള സമാജം ഓഫീസിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ആവശ്യക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് സമിതി ഈ പദ്ധതി വർഷങ്ങളായി നടത്തിവരുന്നത്.

സാമൂഹിക മുന്നേറ്റത്തിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗം വിദ്യാഭ്യാസമായതിനാൽ, സമിതി ഇതിന് എപ്പോഴും മുൻഗണന നൽകുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രസിഡന്റ് അഡ്വ. പത്മ ദിവാകരൻ പറഞ്ഞു. ജാതിയോ മതവോ സമുദായമോ നോക്കാതെ, യാതൊരുവിധ വിവേചനവുമില്ലാതെയാണ് അർഹരായ കുട്ടികളിലേക്ക് സമിതി സഹായം എത്തിക്കുന്നതെന്ന് സെക്രട്ടറി അഡ്വ. രാഖി സുനിൽ വ്യക്തമാക്കി. സമാജത്തെ ഒരൊറ്റ കുടുംബമായിട്ടാണ് കാണുന്നതെന്നും വിവേചനമില്ലാതെ എല്ലാവരിലും വിദ്യാഭ്യാസം എത്തണമെന്നാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.

​ഈ ജീവകാരുണ്യ പ്രവർത്തനം എല്ലാ വർഷവും വിജയമാക്കാൻ സഹായിക്കുന്ന ദാതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും ട്രഷറർ കെ. പി. ഗോപാലകൃഷ്ണൻ നന്ദി അറിയിച്ചു. ചടങ്ങിൽ വെച്ച് സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും സ്മരണികകളും നൽകി ആദരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സമിതി ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You may also like