215
മുംബൈ: മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്യുന്ന കനത്ത മൺസൂൺ മഴയെത്തുടർന്ന് നഗരത്തിലെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ജലശേഖരത്തിൽ 12 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ നഗരത്തിന് കുടിവെള്ളം എത്തിക്കുന്ന പ്രധാന ഏഴ് ജലാശയങ്ങളിലെ ആകെ ജലശേഖരം 28.92 ശതമാനമായി ഉയർന്നു.
വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന തോരാമഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയർത്തിയത്. ഏഴ് പ്രധാന റിസർവോയറുകളിലെയും ജലനിരപ്പ് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ വിഹാർ, തുളസി എന്നീ തടാകങ്ങൾ പൂർണ്ണ ശേഷിയോട് അടുക്കുകയാണെന്നാണ് റിപ്പോർട്ട്. ജലക്ഷാമ ഭീതിയിലായിരുന്ന മുംബൈ നഗരത്തിന് വലിയ ആശ്വാസമേകുന്നതാണ് ഈ പുതിയ കണക്കുകൾ.